വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജെഡിയു ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

കോഴിക്കോട്: പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. മൂന്ന് ലോക് താന്ത്രിക് ജനതാദള്‍ അംഗങ്ങള്‍ എല്‍ഡിഎഫിലേക്ക് ചേക്കേറിയയതാണ് യുഡിഎഫിന് ഭരണതുടര്‍ച്ച നഷ്ടമാക്കിയത്. 36 അംഗ ഭരണസിമിതില്‍ 19 അംഗങ്ങളാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് ലോക് താന്ത്രിക് ജനതാദള്‍ അംഗങ്ങള്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെ ചെയര്‍പേഴ്‌സണായിരുന്ന വനിതാ ലീഗ് നേതാവ് പി. കുല്‍സുവിനും വൈസ് ചെയര്‍മാനായിരുന്നു കോണ്‍ഗ്രസിലെ മഠത്തില്‍ നാണുവിനും സ്ഥാനം നഷ്ടമായി.

പുതിയ ഭരണസമിതിയിലേക്ക് രണ്ടാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് നടക്കും. അതേസമയം, മൂന്ന് ലോക് താന്ത്രിക് അംഗങ്ങളും ജെഡിയുവിന്റെ ഭാഗമായി വിജയിച്ചവരാണെന്നും ഇവര്‍ക്ക് യുഡിഎഫിന് വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയിരുന്നെന്നും ജെഡിയു ഔദ്യോഗിക വിഭാഗം അറിയിച്ചു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജെഡിയു ജില്ലാ കമ്മിറ്റിയുടെ തീരുമാനം.