സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാന്‍ വത്തിക്കാനും സൗദിയും കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്ത രണ്ട് ദിവസമായി പ്രചരിക്കുന്നുണ്ട്

വത്തിക്കാന്‍: സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാന്‍ വത്തിക്കാനും സൗദിയും കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്ത രണ്ട് ദിവസമായി പ്രചരിക്കുന്നുണ്ട്. ഒരു ഈജിപ്ഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങള്‍വരെ ഏറ്റെടുത്തു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് വത്തിക്കാന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയും എന്ന വാര്‍ത്ത തെറ്റാണ് എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാന്‍ പ്രതിനിധിയെ ഉദ്ധരിച്ചാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്. 

.എന്നാല്‍ മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്‍റെ പ്രസിഡന്റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനും ആണ് കരാറില്‍ ഒപ്പു വച്ചത് എന്നാണ് വാര്‍ത്ത പുറത്തു വന്നത്. അക്രമവും തീവ്രവാദവും ഇല്ലാതാക്കി ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനാണ് കരാര്‍ ലക്ഷ്യമിടുന്നത് എന്നാണ് വാര്‍ത്ത. 

സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഇല്ല. മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ നിന്നും ഫ്രഞ്ച് കര്‍ദിനാളായ ജീന്‍ ലൂയിസ് ടോറന്‍ സൗദി സന്ദര്‍ശിച്ചിരുന്നു.