കാസർകോട് ഇത്തരത്തിൽ ദുരിതബാധിതരുടെ പട്ടികയിലിടമില്ലാത്ത നിരവധി പേരുണ്ട്. എൻഡോസൾഫാൻ പ്രശ്നങ്ങൾ ലഘൂകരിച്ച് കാണിക്കുന്നതിനായി തങ്ങളെ മനപ്പൂർവ്വം തഴഞ്ഞതെന്നാണ് കാസർകോടുകാരുടെ ആരോപണം.
കാസർകോട്: സമാനമായ രോഗലക്ഷണങ്ങളുണ്ടായിട്ടും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഇടം നേടാത്ത ഒത്തരി പേരുണ്ട് കാസർഗോഡ്. പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സഹായമോ ചികിത്സാ ആനുകൂല്യങ്ങളൊ ലഭിക്കാത്തവരും ഏറയാണ്. ചികിത്സാ ചിലവ് താങ്ങാനാകാതെ പലരും വൻ സാമ്പത്തിക പ്രയാസത്തിലാണ് കഴിയുന്നത്.
കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഗീതയുടെ മകൾ സാനിയ 13 വർഷമായി ഒരേ കിടപ്പാണ്. സാനിയയ്ക്ക് സമാന രോഗങ്ങളുമായി ഒരു സഹോദരൻ ഉണ്ടായിരുന്നു. ആറാം വയസ്സിൽ മരിച്ചു. എന്നാൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ സാനിയയ്ക്ക് ഇപ്പോഴും ഇടമില്ല.
കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ പ്രസന്നയുടെ കഥയും വ്യത്യസ്ഥമല്ല. പ്രസന്നയുടെ രണ്ട് മക്കളും അസുഖബാധിതരാണ്. ഒരാൾ മാസങ്ങൾക്ക് മുമ്പ് മരിച്ചു. ഇതുവരേയും സർക്കാറിന്‍റെ ഒരു സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. പടന്നക്കാട്ടെ മുനവിർ ആറു വർഷം മുമ്പ് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. പക്ഷേ സഹായമൊന്നും ലഭിച്ചിട്ടില്ല.
കാസർകോട് ഇത്തരത്തിൽ ദുരിതബാധിതരുടെ പട്ടികയിലിടം പോലുമില്ലാത്ത നിരവധി പേരുണ്ട്. എൻഡോസൾഫാൻ പ്രശ്നങ്ങൾ ലഘൂകരിച്ച് കാണിക്കുന്നതിനായി തങ്ങളെ മനപ്പൂർവ്വം തഴഞ്ഞതെന്നാണ് കാസർകോടുകാരുടെ ആരോപണം.
