ഇടുക്കി: നീലകുറിഞ്ഞി ആസ്വാദിക്കുവാന്‍ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കും വലിയ ബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍. 2018 ല്‍ പൂക്കുന്ന നീലകുറിഞ്ഞി നേരില്‍ കാണുന്നതിന് പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ മൂന്നാറിലെത്തുമെന്നാണ് ടൂറിസം വകുപ്പ് അറിയിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം ശ്രമിക്കുകയാണ്. 

മൂന്നാറിലെ പ്രധാന വിനോദസഞ്ചാരമേഖലയായ മാട്ടുപ്പെട്ടി, കുണ്ടള, ടോപ്പ് സ്‌റ്റേഷന്‍, രാജമല എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവധി ദിവസങ്ങളിലെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. കുറുഞ്ഞി സീസനില്‍ ഇവിടങ്ങളില്‍ വലിയ ബസുകളെ കയറ്റിവിടാതെ നിയന്ത്രിക്കും. കൊച്ചിധനുഷ്‌കോടി ദേശീയപാതയിലൂടെ എത്തുന്ന ബസുകള്‍ നേത്യമംഗലും,അടിമാലി മേഖലയിലും, ഉടുമല്‍പ്പെട്ടയില്‍ നിന്നെത്തുന്നവ മറയൂരിലും തടയുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സീസനില്‍ അധികമായി എത്തുന്ന സന്ദര്‍ക്കര്‍ക്കായി മാട്ടുപ്പെട്ടി രാജമല എന്നിവിടങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ അനുവധിക്കും. നിയന്ത്രിതമായിരിക്കും ടിക്കറ്റുകള്‍ നല്‍കുക. 

പുതുവര്‍ഷത്തില്‍ പഞ്ചായത്ത് പഴയമൂന്നാറില്‍ പണിപൂര്‍ത്തീകരിച്ച പ്രവേറ്റ് ബസ് സ്റ്റാന്റ് തുറക്കും. സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ നേത്യത്വത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ കണ്ടെത്തുമെന്നും കുറിഞ്ഞി ആലോചനയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നാര്‍ കെ.റ്റി..ഡി.സിയില്‍ ജില്ലാ കളക്ടറിന്റെ നേത്യത്വത്തില്‍ കൂടിയ യോഗത്തില്‍ ദേവികുളം എം.എല്‍.എ. എസ്. രാജേന്ദ്രന്‍, സബ് കളക്ടര്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.