അഞ്ച് മിനിട്ടോളം നേരം വീശിയടിച്ച കാറ്റില്‍ കുറ്റിച്ചല്‍ പഞ്ചായത്തില്‍ നിലമ, രാജഗിരി, മൈലമൂട്, പച്ചക്കാട് പ്രദേശത്ത് ഓടിട്ടതും ഷീറ്റ് മേഞ്ഞതുമായ വീടുകള്‍ക്കാണ് ഏറെ നാശം സംഭവിച്ചത്. 

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ പഞ്ചായത്തില്‍ ഞായറാഴ്ച ഉച്ചയോടെ വീശിയടിച്ച കാറ്റില്‍ അമ്പതോളം വീടുകള്‍ക്ക് നാശനഷ്ടം. വേനല്‍ മഴയ്‌ക്കൊപ്പം എത്തിയ ശക്തിയായ കാറ്റില്‍ പ്രദേശത്തെ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നു പോയി. വാഴ, മരിചീനി ഉള്‍പ്പടെയുള്ള കൃഷിക്കും നാശം സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമീക വിവരം. അഞ്ച് മിനിട്ടോളം നേരം വീശിയടിച്ച കാറ്റില്‍ കുറ്റിച്ചല്‍ പഞ്ചായത്തില്‍ നിലമ, രാജഗിരി, മൈലമൂട്, പച്ചക്കാട് പ്രദേശത്ത് ഓടിട്ടതും ഷീറ്റ് മേഞ്ഞതുമായ വീടുകള്‍ക്കാണ് ഏറെ നാശം സംഭവിച്ചത്. 

മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞും വീടുകള്‍ക്ക് മേല്‍ പതിച്ചും കേടു സംഭവിച്ചു. മഴ ശക്തി ആര്‍ജിച്ചതോടെ കാറ്റ് വീശി തുടങ്ങി. ഓടുകള്‍ പറന്നു പോകുകയും വീടിനകത്ത് ഓടുകള്‍ പൊട്ടി അടര്‍ന്നു വീഴാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ ഭയന്ന വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടി. വീട്ട് ഉപകരങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഒരിടത്തും ആളപായം ഇല്ല. മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ വീണും വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. 

പലയിടത്തും റോഡു ഗതാഗതം തടസ്സപ്പെട്ടു. വൈകിയും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പരുതിപ്പള്ളി ഭാഗത്ത് കാട്ടാക്കട അഗ്നിശമന സേനായൂണിറ്റും കുറ്റിച്ചല്‍ പഞ്ചായത്തിലെ പച്ചക്കാട് തുടങ്ങിയ ഇടങ്ങളില്‍ കള്ളിക്കാട് അഗ്‌നിശമന സേനാ യൂണിറ്റും രക്ഷാ പ്രവര്‍ത്തനത്തിന് എത്തി. നാട്ടുകാരും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.