രാത്രി സ്റ്റേഷനിൽ വച്ച് എസ്ഐയും പൊലീസുകാരും ചേർന്ന് മർദ്ദിച്ചുവെന്നാണ് അരുണിന്‍റെ പരാതി.
തിരുവനന്തപുരം: പൊലീസ് മൂന്നാം മുറയിൽ മനം നൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. വാമനപുരം മേലാറ്റുമുളി സ്വദേശി പ്രശാന്താണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്നാം മുറയ്ക്കതെിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രശാന്ത് പരാതി നൽകി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിക്കാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പേരിൽ ഓട്ടോ ഡ്രൈവറായ പ്രശാന്തിനെ കിളിമാനൂർ എസ്ഐ അരുണ് കസ്റ്റഡിയിലെടുക്കുന്നത്. രാത്രി സ്റ്റേഷനിൽ വച്ച് എസ്ഐയും പൊലീസുകാരും ചേർന്ന് മർദ്ദിച്ചുവെന്നാണ് അരുണിന്റെ പരാതി. അടുത്ത ദിവസം 11 മണിക്ക് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജാമ്യത്തിൽ വിട്ടച്ച ശേഷവും സ്റ്റേഷനിൽ വിളിച്ച് മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.
ആത്മഹത്യക്ക് ശ്രമിച്ച പ്രശാന്തിനെ അച്ഛനാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടുത്ത് ചികിത്സക്ക് ശേഷം വാമനപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ ആരോപണം എസ്ഐ നിഷേധിച്ചു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് പ്രശാന്തിനെതിരെ കേസെടുത്തതായും, മെഡിക്കൽ പരിശോധന റിപ്പോർട്ടുണ്ടെന്നും പൊലീസ് പറയുന്നു
