വരാപ്പുഴ സ്വദേശി വാസുദേവനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

കൊച്ചി: വരാപ്പുഴയില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വരാപ്പുഴ സ്വദേശി വാസുദേവനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

ഇന്നലെ ഉച്ചയോടെയാണ് ഒരു പറ്റം യുവാക്കള്‍ സിപിഎം അനുഭാവിയായ വാസുദേവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ആയുധങ്ങളുമായിയെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ വാസുദേവന്റെ മകന്‍ സുമേഷിന് പരിക്കേറ്റു. ഇവര്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും വാതില്‍ അടിച്ചു പൊളിക്കുകയും ചെയ്തു. സംഘം മടങ്ങിയതിന് പിന്നാലെയാണ് വാസുദേവന്‍ മുറിയ്ക്കുള്ളില്‍ കയറി തൂങ്ങി മരിച്ചത്. അതിക്രമത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് വീട്ടുകാരുടെ പരാതി.

പ്രദേശത്തെ ക്ഷേത്രോത്സവ നടത്തിപ്പിനോട് അനുബന്ധിച്ച് വാസുദേവന്റെ മകനും ചില ആര്‍എസ്എസ് പ്രവര്‍ത്തരും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീട് കയറിയുള്ള അതിക്രമത്തിന് പിറകിലെന്നാണ് ആരോപണം. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാസുദേവന്റെ മകന്റെ പരാതിയിലാണ് കേസ് എടുത്തത്. എന്നാല്‍ അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയ വൈരമില്ലെന്ന് പോലീസ് പറഞ്ഞു.