കൊണ്ടോട്ടി സ്വദേശി നസുറല്‍ ഫുഹാദ് (28), ഓമശേരി പുത്തൂര്‍ സ്വദേശി മുഷ്താഖ് അഹമ്മദ് (34) എന്നിവരാണ് പിടിയിലായത്.

വയനാട്: കാട്ടിക്കുളം തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച ലക്ഷകണക്കിന് രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഇന്ന് പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധ നടത്തുന്നതിനിടെയാണ് 92 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്. ഇത് മൂന്ന് കിലോയോളം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സംഭവത്തില്‍ രണ്ട് പേരെ പിടികൂടി. കൊണ്ടോട്ടി സ്വദേശി നസുറല്‍ ഫുഹാദ് (28), ഓമശേരി പുത്തൂര്‍ സ്വദേശി മുഷ്താഖ് അഹമ്മദ് (34) എന്നിവരാണ് പിടിയിലായത്. ബാഗ്ലൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിലായിരുന്നു ഇരുവരും സ്വര്‍ണ്ണം കടത്തിയിരുന്നത്. 

കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ കേരളത്തിന് പുറത്തെ വിമാനത്താവളങ്ങളിലെത്തിച്ച് റോഡ് മാര്‍ഗം സ്വര്‍ണ്ണം കടത്തുന്നതാണെന്നാണ് നിഗമനം. സ്വര്‍ണ്ണം എവിടെ നിന്ന് എത്തിച്ചുവെന്നതടക്കമുള്ള വിവരങ്ങള്‍ ഇനിയും വെളിവായിട്ടില്ല. അതിനാല്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.