ലൈംഗികപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മക്കെതിരെയും പൊലീസ് കേസെടുത്തു

മലപ്പുറം: തീയറ്റര്‍ പീഡനത്തിന് പിടിയിലായ തൃത്താല സ്വദേശിയുടെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണം കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി. പ്രത്യക്ഷമായ രാഷ്ട്രീയപ്രവര്‍ത്തനമില്ലെങ്കിലും നാട്ടിലെ സിപിഎമ്മിന്റെ സ്ഥിരം സാമ്പത്തികസ്രോതസ്സുകളിലൊരാളാണ് മൊയ്തിന്‍കുട്ടി. സ്വര്‍ണ്ണകച്ചവടക്കാരനായി ഇയാളെ സ്വര്‍ണ്ണക്കുട്ടിയെന്നാണ് പ്രദേശത്തുകാര്‍ വിളിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്‍ പഞ്ചായത്ത് ഭാരവാഹിയടക്കം 2 പ്രാദേശിക സിപിഎം നേതാക്കളെ മൊയ്തിന്‍ കുട്ടി നിരന്തരം സന്ദര്‍ശിച്ചിരുന്നു.

ഇവര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിസ ഉണ്ടായിരുന്നിട്ടും മൊയ്തിന്‍കുട്ടി വിദേശത്തേക്ക് മുങ്ങാതിരുന്നതെന്നാണ് വിവരം. ഇയാളുടെ ഉടമസ്ഥതയിലുള്ള പത്ത് വാടക ക്വാർട്ടേഴ്സുകളിൽ ഒന്നിലായിരുന്നു പീഡനത്തിനിരയായ കുഞ്ഞും അമ്മയും താമസിച്ചിരുന്നത്. ഈ സ്ത്രീയുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ഞിനെയും പീഡിപ്പിക്കാൻ മൊയ്തീന് ഇവർ ഒത്താശ ചെയ്തുകൊടുത്തത്. 

ലൈംഗികപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മക്കെതിരെയും പൊലീസ് കേസെടുത്തു. മൊയ്തീൻ കുട്ടിക്ക് കുഞ്ഞിനെ പീഡിപ്പിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ശിശുപീഡന നിരോധന നിയമത്തിലെ 16, 17 വകുപ്പുകൾ പ്രകാരമാണ് കേസ്. മൊയ്തീൻ കുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും ഒന്നിച്ചല്ല സിനിമ കാണാൻ പോയതെന്നുമാണ് ഈ സ്ത്രീ ആദ്യം മൊഴി നൽകിയത്. മൊയ്തീൻ കുട്ടിയെ വർഷങ്ങളായി പരിചയമുണ്ട്, എന്നാൽ സിനിമാ തീയേറ്ററിൽവച്ച് യാദൃശ്ചികമായാണ് അയാളെ കണ്ടത് എന്നായിരുന്നു ഇവർ ആദ്യം പൊലീസിനോട് പറ‌ഞ്ഞത്. 

എന്നാൽ രാവിലെ മുതലുള്ള പൊലീസിന്‍റെ നിരന്തരമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. മുമ്പും മൊയ്തീൻ കുട്ടി കുഞ്ഞിനെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇത് കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു എന്നും വ്യക്തമായി. ബാലികയെ പീഡിപ്പിക്കാൻ അമ്മ പ്രതിക്ക് അവസരമൊരുക്കിക്കൊടുക്കുന്നതും തീയേറ്ററിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ ഇവർക്കെതിരായും കേസെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.