കൊച്ചി: എറണാകുളം നഗര മധ്യത്തില്‍ അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം. നാലംഗ സംഘം കത്തി കാട്ടി വീട്ടുടമസ്ഥയായ വൃദ്ധയുടെ അഞ്ചു പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. അതിക്രമത്തിനിടെ വൃദ്ധയ്‌ക്ക് പരിക്കേറ്റു. മോഷ്‌ടാക്കളെ പൊലീസ് തെരയുന്നു. ലിസി ആശുപതിക്ക് സമീപമുള്ള എല്ലിമൂട്ടില്‍ ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. അര്‍ധരാത്രി രണ്ട് മണിയോടെയാണ് മുന്‍ഭാഗത്തെ ജനല്‍ പൊളിച്ച് നാലംഗ സംഘം അകത്തുകയറിയത്. ഈ സമയത്ത് വീട്ടുമസ്ഥന്‍ ഇസ്മായില്‍,ഭാര്യ, മരുമകള്‍ രണ്ട് കൊച്ചുമക്കള്‍ അടക്കം 5 പേരാണ് താഴത്തെ നിലയിലുണ്ടായിരുന്നു.
അകത്തുകയറിയ മോഷ്‌ടാക്കള്‍ വൃദ്ധയായ വീട്ടുടമസ്ഥയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു.കൂടെയുള്ളവരെയും ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി.ശബ്ദം കേട്ട് മുകളിലത്തെ നിലയിലുണ്ടായിരുന്ന ഇവരുടെ ഡ്രൈവര്‍ താഴെയെത്തി മോഷ്‌ടാക്കളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഇയാളെയും സംഘം കത്തി കാട്ടി വിരട്ടിയോടിച്ചു. മുഖംമൂടി ധരിചാണ് മോഷ്‌ടാക്കള്‍ എത്തിയത്.
ആയുധങ്ങള്‍ക്ക് പുറമേ ഇവരുടെ കയ്യില്‍ തോക്കും ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. വീട്ടിനുള്ളില്‍ നിന്ന് നാടന്‍ തോക്കിന്റെ ഒരു തിര പൊലീസ് കണ്ടെടുത്തിട്ടുണ്ട്.സമീപത്തെ കടയില്‍ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.മോഷ്‌ടാക്കളെന്ന് സംശയിക്കുന്ന എട്ട് പേര്‍ നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നയിക്കുന്നത്.
