കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് മോഷണപരമ്പര. അടുത്തടുത്തുള്ള മൂന്ന് വീടുകളിലാണ് കള്ളന്‍മാര്‍ കയറി പണവും ആഭരണങ്ങളും കവര്‍ന്നത്. മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ല.
പത്തനാപുരം ശാലേംപുരത്താണ് നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കള്‍ വിഹരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. ചെങ്കിലാത്ത് തോമസിന്‍റെ വീട്ടില്‍ നിന്ന് അഞ്ചര ലക്ഷത്തോളം രൂപ കവര്‍ന്നു. വാച്ചും കാറിന്‍റെ താക്കോലും നഷ്ടപ്പെട്ടു. മകന്‍റെ വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്നതാണ് പണമെന്ന് തോമസ് പറഞ്ഞു.
വീടിന്‍റെ പിന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയത്. സമീപത്തുള്ള സാറാമ്മ, സാംകുട്ടി എന്നിവരുടെ വീട്ടിലും മോഷണം നടന്നു. സാം കുട്ടിയുടെ വീട്ടിൽ നിന്നും 1800 രൂപ കവർന്നു. ശബ്ദം കേട്ട് സാറാമ്മയുടെ വീട്ടിലുള്ളവര്‍ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപെടുകയായിരുന്നു.
ഇവിടെയും പിൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കൊല്ലത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നത്തി. അന്തർ സംസ്ഥാന മോഷണ സംഘമാണ് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. പത്തനാപുരത്ത് ദേവാലയങ്ങളും വീടുകളും കേന്ദ്രീകരിച്ച് അടുത്തിടെ നിരവധി മോഷണങ്ങൾ നടന്നിരുന്നു. ഇവയിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല
