മോഷ്ടാക്കളെ പിന്തുടര്‍ന്ന വീട്ടുകാരനെ ആക്രമിക്കാനും ശ്രമം നടന്നു.

ആലപ്പുഴ: താമരക്കുളത്ത് രണ്ട് വീടുകളില്‍ മോഷണം. ഉറങ്ങിക്കിടന്ന യുവതിയുടെ സ്വര്‍ണമാലയടക്കം നാല് പവനും മുപ്പതിനായിരത്തോളം രൂപയും അപഹരിച്ചു. അടുക്കള പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. മോഷ്ടാക്കളെ പിന്തുടര്‍ന്ന വീട്ടുകാരനെ ആക്രമിക്കാനും ശ്രമം നടന്നു.

താമരക്കുളം മേക്കുംമുറി മേത്തുണ്ടില്‍ അബ്ദുല്‍ റഹീം, തെക്കേമുറി പാലവിളകിഴക്ക് ഷിബു എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ അബ്ദുല്‍ റഹീമിന്റെ വീട്ടില്‍ മോഷണം നടന്നത്. അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ ടിന്നില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തോളം രൂപയും ഭാര്യ സുബൈദയുടെ രണ്ടര പവന്റെ മാലയും മോഷ്ടിച്ചു. ഉറങ്ങുകയായിരുന്ന മരുമകള്‍ ഹാജറ ബീവിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. 

കഴുത്തില്‍ ആരോ പിടിച്ചതായി തോന്നിയ ഹാജറ ബീവി ഉണര്‍ന്നപ്പോഴാണ് മാല മോഷണം പോയതായി അറിഞ്ഞത്. തുടര്‍ന്ന് മോഷണവിവരം അറിഞ്ഞെത്തിയ വീട്ടുകാരും അയല്‍വാസികളും സമീപ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ മൂന്നരയോടെയാണ് ഒരു കിലോമീറ്റര്‍ അകലെയുള്ള ഷിബുവിന്റെ വീട്ടില്‍ മോഷണം നടന്നത്. അടുക്കള വാതില്‍ പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ സ്റ്റീല്‍ അലമാര കുത്തിപ്പൊളിച്ചാണ് അയ്യായിരത്തോളം രൂപ മോഷ്ടിച്ചത്.

ശബ്ദം കേട്ട് ഷിബു ഉണര്‍ന്നതോടെ മോഷ്ടാക്കളായ രണ്ട് പേര്‍ വീടിനുള്ളില്‍ നിന്നും വെളിയിലേക്ക് ചാടി. ഷിബു ഇവരെ പിന്തുടര്‍ന്നെങ്കിലും അക്രമിക്കാന്‍ ശ്രമിച്ചതോടെ പിന്തിരിയുകയായിരുന്നു. നൂറനാട് എസ്.ഐ.ബിജുവിന്റെ നേതൃത്വത്തില്‍ രാത്രി തന്നെ പോലീസെത്തി തിരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മോഷണം നടന്ന അബ്ദുല്‍ റഹിമാന്റെ വീടിന് സമീപമുള്ള നൗഷാദിന്റെ വീട്ടില്‍ നിന്നും ഒരു മാസം മുമ്പ് മുപ്പതിനായിരത്തോളം രൂപ വിലവരുന്ന പ്ലമ്പിംഗ് ജോലിക്കായുള്ള ഉപകരണങ്ങള്‍ മോഷണം പോയിരുന്നു.