ചണ്ഡിഗഡ് ∙ മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ആശ്രമത്തില്‍ മോഷണം. ഝാജറിലെ ആശ്രമത്തില്‍ കടന്ന മോഷ്ടാക്കള്‍ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ മുതല്‍ ചെരിപ്പുകള്‍ വരെയുള്ള സാധനങ്ങള്‍ ഇവിടെ നിന്ന് കടത്തി. ഗുര്‍മീത് ജയിലിലായതിനെ തുടര്‍ന്ന് അനുയായികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു.

ആശ്രമത്തില്‍ കാവല്‍ക്കാരന്‍ പതിവായി ഇവിടെ എത്താറില്ലായിരുന്നു. ഇന്ന് രാവിലെ ഇയാള്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ആശ്രമത്തിലെ വി.ഐ.പി മുറിയിലായിരുന്നു മോഷണം. ഇന്‍വര്‍ട്ടര്‍, ബാറ്ററികള്‍, കംപ്യൂട്ടര്‍ മോണിറ്റര്‍, ക്യാമറകള്‍, കിടക്കകള്‍, വസ്‌ത്രം, ചെരുപ്പുകള്‍ തുടങ്ങിയവയൊക്കെ കവര്‍ന്നു. ഗുര്‍മീത് ജയിലിലായതോടെ ഹരിയാനയിലും പഞ്ചാബിലുമുള്ള ആശ്രമങ്ങള്‍ പൊലീസ് പൂട്ടി സീല്‍ ചെയ്തിരുന്നെങ്കിലും ഝാജറിലെ ആശ്രമം പൂട്ടിയിരുന്നില്ല.