ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം: വീട്ടു ജോലിക്കാരിയുടെ മകളും സംഘവും പിടിയില്‍
തൃശൂര്: എടമുട്ടത്ത് ആള്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില് വീട്ടുജോലിക്കാരിയുടെ മകളും ഭര്ത്താവും സുഹൃത്തും പിടിയില്.ഉ ടമസ്ഥര് വിദേശത്ത് പോയ തക്കം നോക്കിയാണ് ഇവര് വിലപിടിപ്പുളള സാധനങ്ങള് വീട്ടില് നിന്ന് കടത്തിയത്.
എടമുട്ടം സ്വദേശി വാഴൂര് ദിലീപ്കുമാറിന്റെ ഇരുനിലവീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് കണ്ണൂര് പയ്യന്നൂര് സ്വദേശി റാഷിദ്, ഭാര്യ രശ്മി, റാഷിദിന്റെ സുഹൃത്ത് അനീഷ് ബാബു എന്നിവര് അറസ്റ്റിലായത്. ദിലീപ്കുമാറും കുടുംബവും ഓസ്ട്രേലിയയിലേക്ക് പോയിരുന്നു. ദിലീപിൻറെ വീട്ടുജോലിക്കാരിയുടെ മകളാണ് രശ്മി. അമ്മയില് നിന്ന് ഇക്കാര്യം നേരത്തെ മനസ്സിലാക്കിയാണ് പ്രതികള് മോഷണം ആസൂത്രണം ചെയ്തത്.
ഇലക്ട്രിക് സ്കൂട്ടര്, ഐപാഡ്, വിലകൂടിയ മൊബൈല്ഫോണ്, ലാപ്ടോപ്, വിദേശ നാണയങ്ങള് എന്നിവയാണ് മോഷണം പോയത്. മുറ്റത്ത് നിര്ത്തിയിട്ട ആഡംബര കാര് ഉപയോഗിക്കാന് വശമില്ലാത്തതിനാല് ശ്രമം ഉപേക്ഷിച്ചാണ് പ്രതികള് രക്ഷപ്പെട്ടത്. സംഭവത്തില് വീട്ടുജോലിക്കാരി നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികള് കോയമ്പത്തൂരിലാണ് താമസം. മോഷണം നടത്തിയ സാധനങ്ങള് കോയമ്പത്തൂരിലെ കടകളില് വില്പ്പന നടത്തിയതായി ചോദ്യം ചെയ്യലില് വ്യക്തമായി. നിരവധി കേസുകളില് പ്രതിയാണ് അനീഷും, റാഷിദും. തൃശ്ശൂരിലെ ആശുപത്രിയില് ജോലി ചെയ്യവെ ഒന്നരലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ് രശ്മി.
