പോസ്റ്റ് ഓഫീസിലെ മോഷണം: യാചക വേഷത്തിലെത്തിയ മോഷ്ടാവ് ചില്ലറക്കാരനല്ല

തിരൂര്‍: യാചക വേഷത്തിലെത്തി ഊമയായി അഭിനയിച്ച് പോസ്റ്റോഫീസില്‍ മോഷണം നടത്തിയത് തമിഴ്നാട്ടിലെ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. തമിഴ്നാട് പൊലീസിന്‍റെ സഹായത്തില്‍ പ്രതിക്കായി തിരിച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

മഞ്ചേരി, കോട്ടക്കല്‍, തിരൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പലതവണ മോഷണം നടത്തിയതായും പ്രൊഫഷണല്‍ കവര്‍ച്ചാ സംഘത്തിലെ അംഗമാണെന്നും പൊലീസ് വ്യക്തമാക്കി. സിനിമാ സ്റ്റൈലിലായിരുന്നു ജൂണ്‍ 13ന് ഉച്ചയോടെ പോസ്റ്റോഫീസില്‍ മോഷണം നടന്നത്. തിരൂര്‍ നഗര ഹൃദയത്തിലുള്ള പോസ്റ്റ് ഓഫീസില്‍ ഭിക്ഷാടത്തിന് എന്ന പേരില്‍ എത്തിയ ആളാണ് പണവുമായി കടന്നുകളഞ്ഞത്.

പോസ്റ്റ് മാസ്റ്റര്‍ ഇരുന്ന റൂമിലേക്ക് മോഷ്ടാവ് കയറിച്ചെല്ലുകയായിരുന്നു. സംസരാരിക്കാനാവില്ലെന്നും ഭിക്ഷ വേണമെന്നും പറയുകയും പോസ്റ്റ് മാസ്റ്റര്‍ പൈസയെടുക്കാന്‍ തിരിഞ്ഞപ്പോള്‍ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ച പണവുമായി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. രണ്ടായിരം രൂപയുടെ രണ്ടു നോട്ടുകെട്ടുകളാണ് നഷ്ടമായത്. പോസ്റ്റ് ഓഫീസിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

നഷ്ടപ്പെട്ട തുക പോസ്റ്റ് മാസ്റ്റര്‍ ഭാര്‍ഗവി അടയക്കണമെന്ന് തപാല്‍ വകുപ്പ് ഉത്തരവിട്ടിരുന്നു. ഉത്തരവിന്‍മേല്‍ ഭാര്‍ഗവി സമര്‍പ്പിച്ച പരാതിയില്‍ ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തപാല്‍ വകുപ്പിന്‍റെ വാദം കേള്‍ക്കാത്തതിനാല്‍ പുതിയ ഉത്തരവുണ്ടാകുംവരെ പണമടയ്ക്കാനുള്ള ഉത്തരവിനുള്ള സ്റ്റേ നീട്ടിയിരിക്കുകകായണ് ഇപ്പോള്‍.