തീം സോം​ഗിന് ട്യൂൺ തയ്യാറാക്കിയ എംഡി അത് ജീവനക്കാർക്ക് അയച്ചു കൊടുത്തു കഴിഞ്ഞു.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി തീം സോ​ഗ് ഒരുങ്ങുന്നു. കോർപറേഷൻ എംഡി ടോമിൻ തച്ചങ്കരിയാണ് തീംസോം​ഗിന് സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ അവസ്ഥയിൽ മനംമടുത്ത ജീവനക്കാർക്ക് ആശ്വാസമായിരിക്കും തീംസോങ്ങെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തീം സോങ്ങിന്‍റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരായിരിക്കും. തീം സോം​ഗിന് ട്യൂൺ തയ്യാറാക്കിയ എംഡി അത് ജീവനക്കാർക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. ഈണത്തിനനുസരിച്ച് ജീവനക്കാരില്‍ ആര്‍ക്കും വരികള്‍ എഴുതാം.മികച്ച വരികള്‍ തീം സോങ്ങിന്‍റെ ഭാഗമാകും. ജീവനക്കാര്‍ തന്നെ പാടും,അവർ തന്നെ ആല്‍ബത്തില്‍ അഭിനയിക്കും. കെ.എസ്.ആര്‍.ടി.സിയുടെ ബസ്സുകളിലും ഡിപ്പോകളിലും തീം സോങ്ങ് കേള്‍പ്പിക്കും. ഫോണുകളില്‍ കോളര്‍ ട്യൂണാക്കും. 

കണ്ണൂർ എക്സ്പ്രസ്സ് വരെ ഓർഡിനറി വരെ ഒരുപാട് സിനിമകൾ തങ്ങളുടെ വണ്ടികൾ വച്ചുണ്ടാക്കുകയും രക്ഷപ്പെടുകയും ചെയ്തെങ്കിൽ തങ്ങൾക്കും ഒരു കൈ നോക്കമെന്നാണ് തച്ചങ്കരിയുടെ നിലപാട്. ഈണം കോപ്പിയടിച്ചെന്ന ആരോപണം കേള്‍ക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് 
സം​ഗീതം സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കില്ലെന്നും മാറ്റിയെടുക്കാൻ മാത്രമേ സാധിക്കൂ എന്നുമാണ് ചിരിച്ചു കൊണ്ടുള്ള എംഡിയുടെ മറുപടി.