ഇവരുടേത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷിക്കാനായി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
തൃശൂര്‍: വിവാദമായ അനധികൃത മണല്‍ക്കടത്ത് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിയില്ല. നടപടിയില്ലെന്ന് വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ ജില്ലാ പൊലീസ് മേധാവിയാണ് വ്യക്തമാക്കിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന മുഫസിലിന്‍റെ പരാതിയില്‍ ഹൈകോടതി നിര്‍ദ്ദേശപ്രകാരം വാടാനപ്പിള്ളി മുന്‍ എസ്‌ഐ എം പി സന്ദീപ്കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോഷ്, ഫൈസല്‍,ഗോപകുമാര്‍ എന്നിവരും, കണ്ടാലറിയുന്ന മറ്റൊരു പൊലീസുകാരന്‍, സുനില്‍ പ്രകാശ് എന്ന ഹോംഗാര്‍ഡ് എന്നിവര്‍ക്കെതിരെ 341,323,324,34, ഐപിസി 1860 വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇവരുടേത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷിക്കാനായി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ മുഫസലിന്‍റെ പിതാവ് മുഹമ്മദ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോഴായിരുന്നു പൊലീസ് കെസെടുക്കാന്‍ തയ്യാറായത്. വകുപ്പ് തല നടപടിക്കും നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.
ഹൈകോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വാടാനപ്പിള്ളി സ്റ്റേഷനിലെ ആരോപണ വിധേയനായ പൊലീസുകാരനെതിരെ, വിദ്യാര്‍ഥികള്‍ക്ക് അശ്‌ളീല ദൃശ്യങ്ങള്‍ മൊബൈല്‍ മെമ്മറി കാര്‍ഡില്‍ പകര്‍ത്തിക്കൊടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. അന്നത്തെ ഇന്‍റലിജന്‍റസ് ഡിജിപി ടി പി സെന്‍കുമാറിനാണ് പരാതി നല്‍കിയിരുന്നത്. സ്‌പെഷല്‍ ബ്രാഞ്ച് വ്യാജമണല്‍ക്കടത്ത് കേസില്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസുകാര്‍ക്കെതിരെ കേസെടുത്തുവെങ്കിലും അന്വേഷണം പേരില്‍ മാത്രമൊതുങ്ങി. രണ്ട് തവണ മുഫസലിന്‍റെ പിതാവ് മുഹമ്മദിനെ വിളിച്ച് വരുത്തി വിശദാംശം രേഖപ്പെടുത്തിയെങ്കിലും മറ്റ് നടപടികളിലേക്കൊന്നും കടന്നിട്ടില്ല.
2012 ഫെബ്രുവരി ഒമ്പതിന് വാടാനപ്പിള്ളി സെന്ററില്‍ നിന്നും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ മുഫസിലിനെ പിടിച്ചു കൊണ്ട് വന്ന് മര്‍ദ്ദിച്ച സംഭവമാണ് പിന്നീട് പൊലീസ് കെട്ടിച്ചമച്ച് മണല്‍ക്കടത്ത് കേസ് ആയി മാറിയത്. മുഫസലിനെ മര്‍ദ്ദിക്കുന്നതിന് സാക്ഷിയായ ശ്രീജിത്തിനെയും ചേര്‍ത്തായിരുന്നു പൊലീസ് മണല്‍ക്കടത്ത് കേസ് എടുത്തത്. ശ്രീജിത്ത് ഹൈകോടതിയെ സമീപിച്ചതോടെ പൊലീസിന്‍റെ വാദങ്ങള്‍ പൊളിഞ്ഞു. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതിയും ട്രിബ്യൂണലും കേസ് തള്ളി. ശ്രീജിത്ത് മണല്‍ മാഫിയയുടെ ഭാഗമായിരുന്നില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് കെഎടിയും കണ്ടെത്തിയത്.
