കൊച്ചി: സിനിമാ ലൊക്കേഷനില്‍ നടിമാര്‍ക്ക് ഡ്രൈവര്‍മാരില്‍ നിന്നടക്കം മോശം അനുഭവം ഉണ്ടായതുമായി ബന്ധപ്പെട്ട് സംഘടനകള്‍ക്ക് ഇതിനു മുന്‍പും നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്.സംഘടനകള്‍ക്കുള്ളില്‍ തന്നെ പരാതികള്‍ ഒതുക്കിയതിനാല്‍ അവയൊന്നും പുറത്തറിയാതെ പോവുകയായിരുന്നു. തൃശൂരിലും ആലപ്പുഴയിലും പ്രമുഖരായ രണ്ട് നടിമാര്‍ക്ക് മോശം അനുഭവം ഉണ്ടായത് അടുത്ത കാലത്താണ്.
തൃശൂരില്‍ വാഹന ഡ്രൈവരുടെ ഭാഗത്ത് നിന്നും, ആലപ്പുഴയില്‍ നടി താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനില്‍ നിന്നുമായിരുന്നു മോശം പെരുമാറ്റം. പോലീസില്‍ പരാതി പോകാതിരുന്നതിനാല്‍ ഇതൊന്നും പുറം ലോകം അറിഞ്ഞില്ല. ചെറിയ തര്‍ക്കത്തെ തുടര്‍ന്ന് സംവിധായകന്‍ ലാല്‍ ജോസിനെ ഡ്രൈവര്‍ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവമുണ്ടായിത് കുറച്ച് മാസങ്ങള്‍ മുന്‍പാണ്. ഇതിനെ തുടര്‍ന്ന് ഫെഫ്കയുടെ ഡ്രൈവേഴ്‌സ് യൂണിയന്‍ പിരിച്ചു വിട്ടിരുന്നു. ലൊക്കേഷനുകളില്‍ സ്വന്തം വാഹനങ്ങല്‍ ഉപയോഗിക്കാന്‍ പൊലും നടീ നടന്‍മാരെ അനുവദിക്കാതെ യൂണിയനുകളുടെ ഭരണമാണ് നടക്കുന്നത്.
ഒരു ലക്ഷം രൂപ കൊടുത്താല്‍ ഡ്രൈവേഴ്‌സ് യൂണിയനില്‍ ആര്‍ക്കും അംഗത്വമെടുക്കാം.ജോലിക്കു വരുന്ന ആളുടെ പിന്നാമ്പുറ പരിശോധനകളൊന്നുമില്ല. അങ്ങനെ നടിമാര്‍ അടക്കം രാപകലെന്നില്ലാതെ യാത്ര ചെയ്യേണ്ട ലൊക്കേഷന്‍ വാഹനങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ഡ്രൈവര്‍മാരായി കടന്നുകൂടാം. പല വിധ ചൂഷണങ്ങള്‍ക്കും സാധ്യതകളുള്ള സിനിമാമേഖലകളിലും പലര്‍ക്കും കണ്ണുണ്ടാകുക സ്വാഭാവികം. ലൊക്കേഷനുകളില്‍ നടിമാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും,വകുപ്പുമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മാക്ട ഫെഡറേഷന്‍.
