ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വയനാട്: ജില്ലയില്‍ ഇതുവരെ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണം. പനി, കഠിനമായ തലവേദന, മയക്കം, ചര്‍ദ്ദി, അപസ്മാരം, തലകറക്കം തുടങ്ങിയവ അനുഭവപ്പെട്ടാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. 

ഇത്തരത്തിലെത്തുന്നവരെ പരിചരിക്കാന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയതായും ഡി.എം.ഒ അറിയിച്ചു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് പലവിധത്തിലുള്ള പ്രചാരണങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ജില്ല ആരോഗ്യവകുപ്പ് പ്രത്യേക വാര്‍ത്തക്കുറിപ്പ് ഇറക്കിയത്.