ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കാവേരി ഡെൽറ്റ മേഖലയിലെ 8,70,020 ഹെക്ടർ കൃഷിഭൂമിയില്‍ 5,35,963 ഹെക്ടറില്‍ മാത്രമാണ് ഇപ്പോൾ നെല്‍കൃഷിയുള്ളത്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിലായി 8,926 ഹെക്ടർ പരുത്തിപ്പാടങ്ങളുണ്ട്.

ചെന്നൈ: കാവേരിയിൽ നിന്ന് വെള്ളം കിട്ടാതായതോടെ കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുകയാണ്. നെല്ലിന് പകരം പരുത്തി കൃഷിയിലേക്ക് തിരിയുകയാണ് കർഷകർ. 

എന്തുകൊണ്ട് പരുത്തിയെന്ന ചോദ്യത്തിന് കർഷകർ പറയുന്നു. നെല്ലിനായി പാടം നിറയെ വെള്ളം കെട്ടിനിർത്തണം. ഞങ്ങള്‍ക്കതിന് കഴിയില്ല. പരുത്തിക്ക് 10 ദിവസം കൂടുമ്പോള്‍ വെള്ളം നനച്ചാല്‍ മതി. നെല്ലിനേക്കാള്‍ കുറച്ച് വെള്ളം മതി ഇതിന് കര്‍ഷകനായ സുന്ദരമൂർത്തി പറഞ്ഞു. കുഴൽ കിണറുള്ളവർക്ക് മാത്രമേ പരുത്തി കൃഷി ചെയ്യാനാകൂ. കാവേരി ജലം മാത്രം ആശ്രയിക്കുന്ന കർഷകർക്ക് പരുത്തി കൃഷിയും തുടരെ ചെയ്യാനാകില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്ലിനെപോലെ നിശ്ചിത വില പരുത്തിക്കില്ല. മൂന്ന് വർഷം മുമ്പ് പരുത്തിക്ക് കിലോക്ക് 70 രൂപ കിട്ടിയിരുന്നു. ഇപ്പോള്‍ 28 രൂപയാണ് വില. ലേബർ ചാർജ്ജ് തന്നെ ഒരുകിലോക്ക് 10 രൂപയാണ്. അദ്ദേഹം പറഞ്ഞു.

ഉപ്പുകലർന്ന വെള്ളമാണ് പരുത്തിക്ക് നല്‍കുന്നത്. ഇതേ ഉപ്പുവെള്ളം നെല്ലിന് പറ്റില്ല. നെല്ല് കരിഞ്ഞുപോകും. നെല്ലിന്‍റെ അത്ര വില പരുത്തിക്ക് ലഭിക്കുന്നില്ലെന്നത് മറ്റൊരു പ്രതിസന്ധിയാണ് കര്‍ഷകനായ രാജേന്ദ്രൻ പരാതിപ്പെട്ടു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കാവേരി ഡെൽറ്റ മേഖലയിലെ 8,70,020 ഹെക്ടർ കൃഷിഭൂമിയില്‍ 5,35,963 ഹെക്ടറില്‍ മാത്രമാണ് ഇപ്പോൾ നെല്‍കൃഷിയുള്ളത്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിലായി 8,926 ഹെക്ടർ പരുത്തിപ്പാടങ്ങളുണ്ട്.