ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ തിരിച്ചടിയിൽ പ്രധാനമായും ലക്ഷ്യം വച്ചത് അഞ്ച് ഭീകരരെയാണ്. അഫ്ഗാനിസ്ഥാന്‍റെയും കശ്മീരിന്‍റെയും ജയ്ഷെ മുഹമ്മദ് സംഘടനാ ചുമതലയുള്ള ജെയ്ഷെ ഭീകരൻ മൗലാന അമ്മർ, മസൂദ് അസ്ഹറിന്‍റെ സഹോദരൻ തൽഹ സെയിഫ് എന്നിവരാണ് ഇതിൽ രണ്ടുപേർ. തൽഹ സെയിഫ് ഭീകരാക്രമണങ്ങളുടെ ആസൂത്രണ വിഭാഗം ചുമതലയുള്ള ഭീകരനാണ്. ഇവർ വ്യോമാക്രമണത്തിൽ മരിച്ചിട്ടുണ്ടോ എന്ന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

1. മൗലാന തൽഹ സയിഫ് (മസൂദ് അസറിന്‍റെ സഹോദരൻ, ആസൂത്രണ വിഭാഗം തലവന), 2. മൗലാന അമ്മർ (അഫ്ഗാനിസ്ഥാന്‍റെയും കശ്മീരിന്‍റെയും ചുമതല)

ജെയ്ഷെ തലവൻ മസൂദ് അസറിന്‍റെ മുതിർന്ന സഹോദരൻ  ഇബ്രാഹിം അസർ, മുഹമ്മദ് ഭീകരാക്രമമണങ്ങളുടെ കശ്മീരിലെ ആസൂത്രണ വിഭാഗം തലവൻ മുഫ്തി അസർ ഖാൻ കശ്മീരി, ബലാകോട്ട് ഭീകര കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണം ഉണ്ടായിരുന്ന  മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന യൂസഫ് അസ്ഹർ എന്നിവരാണ് ഇന്ത്യൻ സൈന്യം ലക്ഷ്യം വച്ച മറ്റ് മൂന്ന് ഭീകരർ.

 1. മുഫ്തി അസർ ഖാൻ കശ്മീരി (കശ്മീർ ആസൂത്രണ വിഭാഗം തലവൻ), 2. ഇബ്രാഹിം അസർ (മസൂദ് അസറിന്‍റെ മുതിർന്ന സഹോദരൻ)

 

ഇവരും ആക്രമണത്തിൽ കൊല്ലപ്പെട്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ നിരവധി ജെയ്ഷെ മുഹമ്മദ് കമാൻഡർമാർ ഇന്ത്യൻ ആക്രമണത്തിൽ മരിച്ചെന്നാണ് ഇന്‍റലിജൻസ് വൃത്തങ്ങളിൽ നിന്ന് അനൗദ്യോഗികമായി പുറത്തുവരുന്നത്. മുന്നൂറിലേറെ ഭീകരരും ഇന്ത്യൻ ആക്രമണത്തിൽ മരിച്ചെന്നാണ് വിവരം.

ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന യൂസഫ് അസ്ഹർ (മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ, ബാലാകോട്ട് ഭീകര കേന്ദ്രം തലവൻ)

ചാവേർ ബോബ് സ്ക്വാഡിന്‍റെ ട്രയിനിംഗ് അടക്കം നടന്നിരുന്ന ബലാകോട്ടിലെ ഭീകരകേന്ദ്രം പൂ‍ർണ്ണമായും തകർക്കാൻ ഇന്ത്യക്കായി. വൻ ആയുധ ശേഖരമാണ് ഭീകരകേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഇരുന്നൂറിലേറെ എകെ 47 റൈഫിളുകൾ, ഹാൻഡ് ഗ്രനേഡുകളുടെയും  മറ്റ് സ്ഫോടകവസ്തുക്കളുടെയും തിട്ടപ്പെടുത്താവുന്നതിലും വലിയ ശേഖരം, ഡിറ്റണേറ്ററുകൾ എന്നിവ ആക്രമണത്തിൽ നശിച്ച ആയുധപ്പുരകളിൽ ഉണ്ടായിരുന്നു. ഇത് പൂർണ്ണമായും ഇന്ത്യൻ വ്യോമസേന ആക്രമിച്ച് നശിപ്പിച്ചു.  ഇക്കാര്യങ്ങളിലെല്ലാം സൈന്യത്തിന്‍റെയും സർക്കാരിന്‍റെയും സ്ഥിരീകരണം വരാനിരിക്കുന്നതേ ഉള്ളൂ.