കേരളത്തിൽ മാത്രം നൂറ്റിയെണ്‍പതില്‍ അധികം കടുവകളുള്ളതായി പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ റിപ്പോര്‍ട്ട്

പാലക്കാട്: മൃഗസ്നേഹികള്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്തയുമായാണ് ഇത്തവണത്തെ ലോക കടുവ ദിനം കടന്നുവരുന്നത്. ദേശീയമൃഗമായ കടുവയുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ മാത്രം നൂറ്റിയെണ്‍പതില്‍ അധികം കടുവകളുള്ളതായി പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ റിപ്പോട്ടിൽ പറയുന്നു. കടുവകളുടെ കണക്കെടുപ്പിനായി കേരളത്തിലെ കാടുകളിൽ സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞവയുടെ എണ്ണം മാത്രമാണിത്. ഇത് കൂടാൻ സാധ്യതയുള്ളതായും പെരിയാർ കടുവ സങ്കേതം അധികൃതർ അറിയിച്ചു. ആധുനിക സംവിധാനങ്ങളായ പ്രോട്ടോകോൾ സൈൻ എന്ന പ്രക്രിയയിലൂടെയാണ് കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്. കാട്ടിൽ കടുവകൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലം കണ്ടെത്തി അവിടെ ക്യാമറ സ്ഥാപിക്കുന്ന രീതിയാണ് പ്രോട്ടോകോൾ സൈൻ. 

ലോകത്ത് സംരക്ഷണത്തിനായി ഏറ്റവുമധികം തുക ചെലവഴിക്കപ്പെടുന്ന വന്യജീവികളിലൊന്നാണ് കടുവ. വേള്‍ഡ്‍വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്‍റെ 2013ലെ കണക്ക് പ്രകാരം ലോകത്താകമാനം നാലായിരത്തോളം കടുവകൾ കാടുകളിലുണ്ട്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ 2014ലെ സർവേ പ്രകാരം രാജ്യത്തെ 50 കടുവ സംരക്ഷണ കേന്ദ്രങ്ങളിലായി 2226 കടുവകളുണ്ട്. കണക്കെടുപ്പിൽ കേരളത്തിൽ മാത്രം 136 കടുവകളെയാണ് കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതം, പെരിയാർ, പറമ്പിക്കുളം കടുവസങ്കേതങ്ങൾ എന്നിവിടങ്ങളിലാണ് കടുവകൾ കൂടുതലുള്ളത്. പെരിയാറിൽ 29, പറമ്പിക്കുളത്ത് 31 എന്നിങ്ങനെയാണ് കടുവകളുടെ എണ്ണം. 2010ൽ 71 ആയിരുന്നു കേരളത്തിലെ കടുവകളുടെ ആകെ എണ്ണം. 

1970 കടുവകളുടെ എണ്ണം 1800ൽ എത്തിയപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കടുവ സംരക്ഷണകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. നാലുവർഷത്തില്‍ ഒരിക്കലാണ് കടുവകളുടെ കണക്കെടുപ്പ് നടക്കുക. 2016-19 കാലയളവിലെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. 2019 ജനുവരിയോടെ റിപ്പോർട്ട് പുറത്തുവിടാനാകുമെന്നാണ് അധികൃതർ പറയുന്നത്. 2016-ലെ കണക്കനുസരിച്ച് ലോകത്താകെ 3,890 കടുവകൾ മാത്രമാണുള്ളത്. ഇന്ത്യയിലാണ് ഇവയിൽ 60 ശതമാനവും. 

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ കടുവകൾ മുൻനിരയിലുണ്ട്. 2017ൽ മാത്രം രാജ്യത്ത് 37 കടുവകളെയാണ് വേട്ടക്കാർ കൊന്നത്. 2015ൽ കേരളത്തിൽ മൂന്ന് കടുവകളെ കൊന്നിട്ടുണ്ട്. കേരളത്തിലെയും തമിഴ്‍നാട്ടിലെയും വനംവകുപ്പ് ജീവനക്കാരാണ് അപകടകാരികളായ കടുവകളെ വെടിവെച്ചു കൊന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കടുവകൾ കൊല്ലപ്പെട്ടിട്ടുള്ളത്.