ബിജെപി-ഐബിഎഫ്ടി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തങ്ങളുടെ 240 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നാണ് സിപിഎം ഓഫീസ് സെക്രട്ടറി ഹരിപാദ ദാസ് പറയുന്നത്

അഗര്‍ത്തല:ത്രിപുര തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നേരിടാന്‍ സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടതിന് പിന്നാലെയാണ് ക്രമസമാധാന നില സംരക്ഷിക്കാനായി പോലീസ് നടപടികള്‍ ശക്തമാക്കിയത്. 

ബിജെപി-ഐബിഎഫ്ടി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തങ്ങളുടെ 240 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നാണ് സിപിഎം ഓഫീസ് സെക്രട്ടറി ഹരിപാദ ദാസ് പറയുന്നത്. പാര്‍ട്ടി ഓഫീസുകള്‍ കൂടാതെ ഇടതു ട്രേഡ് യൂണിയന്‍ ഓഫീസുകളും പ്രമുഖ നേതാക്കളുടെ വീടുകളും കഴിഞ്ഞ 48 മണിക്കൂറില്‍ ആക്രമണത്തിനിരയായി. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ത്രിപുരയിലെ സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. 

ബെലോനിയയിലെ കോളേജ് സ്ക്വയറില്‍ സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍റെ പൂര്‍ണകായ പ്രതിമ ഭാരത് മാതാ കീ വിളികളോടെ വന്നാണ് ബുള്‍ഡോസര്‍ കൊണ്ട് ബിജെപിക്കാര്‍ ഇടിച്ചു പൊളിച്ചത്. നിലത്തു വീണ ലെനിന്‍റെ പ്രതിമയില്‍ നിന്നും പിന്നീട് തല മാത്രം ബിജെപിക്കാര്‍ വിച്ഛേദിച്ചെടുത്തു. എന്നിട്ട് അതും വച്ച് മൈതാനത്ത് ഫുട്ബോളും കളിച്ചു.സംഭവത്തില്‍ ജെസിബി ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മൂന്ന് ലക്ഷം രൂപ ചിലവിട്ട് 2003-ല്‍ സ്ഥാപിച്ച പ്രതിമയായിരുന്നു അത് - പാര്‍ട്ടി ഏരിയ കമ്മിറ്റി സെക്രട്ടറി തപസ് ദത്ത് പറയുന്നു. 

അതേസമയം ഒരുതരത്തിലുള്ള സംഘര്‍ഷത്തിനും പോകരുതെന്ന് അണികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുബല്‍ ബോമിക് പറയുന്നത്. ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ പങ്കെടുത്തതായി തെളിഞ്ഞാല്‍ അവരെ ഉടനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുബല്‍ ബോമിക് വ്യക്തമാക്കി. സംഘര്‍ഷങ്ങളുടെ ഭാഗമായി തങ്ങളുടെ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചെന്നും മൊത്തം 47 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും അതില്‍ 17 പേര്‍ ഇപ്പോഴും ആശുപത്രിയിലാണെന്നുമാണ് ബോമിക് പറയുന്നത്.