ബംഗലുരു: കര്‍ണ്ണാടകത്തില്‍ ദളിത് വിദ്യാര്‍ത്ഥിനി റാഗിംഗിനിരയായ സംഭവത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥിനകള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. റാഗിംഗ് അല്ല ആത്മഹത്യ ശ്രമമായിരുന്നുവെന്ന കോളേജ് പ്രിന്‍സിപ്പലിന്‍റെ വാദം തെറ്റാണെന്ന് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന കുട്ടിക്ക് സര്‍ക്കാര്‍ തലത്തില്‍ സഹായ വാഗ്ദാനങ്ങളൊന്നും നേരിട്ട് ലഭിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു.

ബംഗലുരുവിലെ അല്ഖമാര്‍ നഴ്സിംഗ് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ ഇടുക്കി സ്വദേശി ആതിര, കൊല്ലം സ്വദേശി രശ്മി എന്നിവരെ പ്രതിചേര്‍ത്താണ് മെഡിക്കല്‍ കോളേജ് പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ആസിഡ് കലര്‍ന്ന ഫിനോയില്‍ ബലം പ്രയോഗിച്ച് വായിലൊഴിച്ചെന്നും, ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധയയാക്കിയെന്നുമാണ് ചികിത്സയില്‍ കഴിയുന്ന അശ്വതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

എഫ്ഐആറിന്‍റെ പകര്‍പ്പ് മെഡിക്കല്‍ കോളേജ് പോലീസ് ഗുല്‍ബര്‍ഗാ പോലീസിന് കൈമാറി. അശ്വതിയുടെ എടപ്പാളിലുള്ള സഹോദരി, അമ്മായി എന്നിവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ഇതിനിടെ ആത്മഹത്യാ ശ്രമമായിരുന്നുവെന്ന കോളേജ് അധികൃതരുടെ വാദം ചികിത്സയില്‍ കഴിയുന്ന അശ്വതി നിഷേധിച്ചു. തന്നെ ഉപദ്രവിച്ച സീനിയര്‍ വിദ്യാര്‍ത്ഥിനികള് സ്ഥലത്തില്ലായിരുന്നുവെന്ന പ്രിന്‍സിപ്പലിന്‍റെ വാദവും അശ്വതി തള്ളി.

ചികിത്സയില്‍ കഴിയുന്ന അശ്വതിയെ മനുഷ്യാവകാശകമ്മീനംഗം പി മോഹന്‍ദാസ് സന്ദര്‍ശിച്ചു. സംഭവത്തില്‍ കര്‍ണ്ണാടക മനുഷ്യാവകാശ കമ്മീഷനോട് ഇടപെടാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. അതേ സമയം അശ്വതിയുടെ കുടംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ആശുപത്രി അനുബന്ധ ചെലവുകള്‍ക്ക് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണെന്ന് അമ്മ ജാനകി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആശുപത്രിയില്‍ കഴിയുന്ന ആശ്വതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ല. വിദ്ഗ്ധ ചികിത്സക്കായി സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും അമ്മ അറിയിച്ചു.