നെയ്മറിനെ അനാവശ്യമായി ഫൗള്‍ ചെയ്യുന്നു

മോസ്കോ: വമ്പന്മാര്‍ പലരും ലോകകപ്പിലെ കളി മതിയാക്കി നാട് പിടിച്ചപ്പോള്‍ ഫേവറിറ്റുകളായി എത്തി ക്വാര്‍ട്ടറിലേക്ക് മിന്നുന്ന പ്രകടനവുമായി മുന്നേറിയിരിക്കുകയാണ് ബ്രസീല്‍. ഗ്രൂപ്പ് റൗണ്ടില്‍ അല്‍പം നിറം മങ്ങിയെങ്കിലും ഗോളടിച്ചും വഴിയൊരുക്കിയും മികച്ച പ്രകടനമാണ് സൂപ്പര്‍ താരം നെയ്മര്‍ പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ പുറത്തെടുത്തത്. പക്ഷേ, അപ്പോഴും അനാവശ്യമായി വീഴുന്നവനെന്നും ഫൗളുകളില്‍ അമിതാഭിനയം കാണിക്കുന്നവനെന്നും നെയ്മര്‍ക്ക് പേര് വീണ് കഴിഞ്ഞു.

എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീല്‍ പ്രതിരോധനിരയിലെ കരുത്തന്‍ തിയാഗോ സില്‍വ. നെയ്മറിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എതിര്‍ ടീമിലെ താരങ്ങള്‍ കടുത്ത ഫൗളുകള്‍ താരത്തെ പിടിച്ചു നിര്‍ത്താന്‍ പ്രയോഗിക്കുകയാണെന്നാണ് സില്‍വ പറയുന്നത്. മെക്സിക്കോയ്ക്കെിരെ മികച്ച പ്രകടനമാണ് ടീം നടത്തിയതെന്നും വിജയം അര്‍ഹിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ കടുത്ത മത്സരമാണ് മഞ്ഞപ്പടയെ കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. മുന്നൊരുക്കങ്ങള്‍ നടത്തി മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ അവസാന നാലിലെത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

Scroll to load tweet…