ബൈക്കുകളിലെത്തി സ്‌ത്രീകളുടെ ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേര്‍ പാലക്കാട് പിടിയിലായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 56 പവന്‍ സ്വര്‍ണമാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തത്.
പാലക്കാട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ബൈക്കുകളിലെത്തി മാലയും ആഭരണങ്ങളും കവരുന്നത് നിത്യ സംഭവമായതിനെ തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് പൊലീസ് രൂപം നല്‍കിയിരുന്നു. സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കുഴല്‍മന്ദം പല്ലഞ്ചാത്തന്നൂര്‍ സ്വദേശികളായ അമ്പാട്ട് വീട്ടില്‍ അഭിലാഷ്, പ്രതീഷ്, അനൂപ് മാത്തൂര്‍ പാളയംകോട് സ്വദേശിയായ ആഷിക് എന്നിവരാണ് പിടിയിലായത്. ഉച്ചസമയത്ത് തനിയെ വരുന്ന സ്‌ത്രീകളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. സ്ഥലം ചോദിക്കാനെന്ന് വ്യാജേന സ്‌ത്രീകളുടെ അടുത്തെത്തി മാലത്തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടലാണ് ഇവരുടെ രീതി. അടുത്ത കാലത്ത് വയോധികയെ ചവിട്ടി വീഴ് മാല കവര്‍ന്നതടക്കം 15 ഓളം മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് അഭിലാഷാണ്. ഇയാള്‍ നേരത്തേയും സമാനമായ കേസിന് ശിക്ഷ അനുഭവിച്ചയാളാണ്. അഭിലാഷ് വലിയ വീട് വയ്‌ക്കുന്നതായും ആഡംബര വാഹനം വാങ്ങിയതായും പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്‌ടാക്കളെ ക്കുറിച്ച് വിവരം ലഭിച്ചത്.
56 പവന്‍ സ്വര്‍ണമാണ് സംഘം ഇത്തരത്തില്‍ തട്ടിയെടുത്തത്. മാലകള്‍ നഗരത്തിലെ ജ്വല്ലറികളിലാണ് വിറ്റിരുന്നത്. ഇവയില്‍ പലതും അന്വേഷണ സംഘം കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‍തു.
