കുപ്രസിദ്ധ മോഷ്ടാവ് അപ്പച്ചൻ അറസ്റ്റിൽ. മുപ്പത്തഞ്ചോളം കേസുകളിൽ പ്രതിയായ അപ്പച്ചൻ മോഷണ മുതലുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാജാക്കാട് നിന്ന് പിടിയിലായത്.
ഇടുക്കി: കുപ്രസിദ്ധ മോഷ്ടാവ് അപ്പച്ചൻ അറസ്റ്റിൽ. മുപ്പത്തഞ്ചോളം കേസുകളിൽ പ്രതിയായ അപ്പച്ചൻ മോഷണ മുതലുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാജാക്കാട് നിന്ന് പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ പൂപ്പാറ, രാജാക്കാട് ഭാഗങ്ങളിലായി നിരവധി ഇടങ്ങളിൽ മോഷണം നടന്നിരുന്നു. ഇതേത്തുടർന്ന് പോലീസ് രാത്രി പരിശോധന കർശനമാക്കി. ഇതിനിടയിലാണ് 72കാരൻ അപ്പച്ചൻ പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു.
നടുമറ്റം ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചി കുത്തിത്തുറന്നും പൂപ്പാറയിലെ വീട് തകർത്തും സ്വർണവും പണവും മോഷ്ടിച്ചത് അപ്പച്ചനാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ആൾത്താമസമില്ലാത്ത വീടുകൾ പകൽ കണ്ട് വച്ച് രാത്രി മോഷണം നടത്തുകയാണ് അപ്പച്ചന്‍റെ രീതി.
പൂട്ടുകൾ തുറക്കുന്നതിൽ പ്രതി വിദഗ്ധനാണെന്നും പൊലീസ് അറിയിച്ചു. പൂപ്പാറയിലെ വീട്ടിൽ നിന്ന് നാല് സ്വർണ മോതിരം, ഒരു മാല, ഒരു ജോഡി കമ്മല്‍ എന്നിവയും കാണിക്കവഞ്ചിയില്‍ നിന്നും അയ്യായിരത്തോളം രൂപയുമാണ് കവർന്നത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
