സ്ഥിരം മോഷ്ടാവ് പറവൂര്‍ പോലീസിന്‍റെ പിടിയില്‍. പറവൂര്‍ സ്റ്റേഷന്‍ പരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തി വന്നത്. ചെറായി സ്വദേശി സജിത്ത് (27) ആണ് പറവൂര്‍ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ കുറെ നാളുകളായി പറവൂരിലെ വ്യാപാരസ്ഥാപനങ്ങലില്‍ മോഷണം പതിവായിരുന്നു. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിനെ തുടര്‍ന്ന് ആലുവ ഡിവൈഎസ്‍പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.

സിസിടിവിയില്‍ പതിഞ്ഞ മോട്ടോര്‍സൈക്കില്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. കടകളില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തുന്ന ഇയാള്‍ കടയുടമയുടെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തി വന്നത്. അന്വേഷണം തന്നിലെക്കെത്തുന്നുവെന്ന സൂചന കിട്ടിയ ഉടന്‍ പ്രതി മുങ്ങിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെയും സഹായം പോലീസ് തേടി.

വിവിധങ്ങളായ 30 കേസുകളില്‍ പ്രതിയാണ് സജീത്ത് എന്ന് പോലീസ് വ്യക്തമാക്കി.മോഷണം നടത്തി 10 ലക്ഷത്തിലധികം സമ്പാദിച്ചതായും,ഈ പണം പലിശക്ക് നല്‍കി ആഡംബരജീവിതമാണ് പ്രതി നയിച്ചു വന്നതെന്നും വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സമാനമായ രണ്ടാമത്തെ കേസാണ് ആലുവ പോലീസിന്‍റെ പിടിയിലാകുന്നത്. മോഷണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നോര്‍ത്ത് പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡിവൈഎസ്‍പി അറിയിച്ചു.