പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ . കൊല്ലങ്കോട് സ്വദേശി കാജാ ഹുസൈന്‍ എന്ന തൊരപ്പനാണ് പിടിയിലായത്. രണ്ടാഴ്ച മുൻപ് സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.

മോഷ്ടിച്ച സ്വർണം ആലത്തൂരിലെ ജ്വല്ലറിയിൽ വിൽക്കാനെത്തിയപ്പോഴാണ് കോയമ്പത്തൂർ സ്വദേശികളായ അബ്ബാസും റഫീഖും ആലത്തൂർ പോലീസിന്‍റെ പിടിയിലാവുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്‍റെ പ്രധാന സൂത്രധാരനായ കാജാ ഹുസൈനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഏതു പൂട്ടും നിമിഷങ്ങൾ കൊണ്ട് തുറക്കുന്നതിനാൽ തുരപ്പൻ എന്നാണ് കാജാ ഹുസൈന്‍റെ വിളിപ്പേര്.

കേരളം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ അറുപതോളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. പകൽ സമയങ്ങളിൽ ബൈക്കിൽ ചുറ്റി നടന്ന് വീടുകൾ കണ്ടു വച്ച ശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് സംഘത്തിന്‍റെ രീതി. അബ്ബാസിനെയും റഫീഖിനെയും രണ്ടാഴ്ച മുൻപാണ് പോലീസ് പിടികൂടിയത്. ചെന്നൈ സ്ഫോടനക്കേസിലെ പ്രതിയായ അൽ ഉമ്മ നേതാവ് അബ്ബാസ് പത്ത് വർഷം ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം രഹസ്യമായി നടത്തിയ ഓപ്പറേഷനൊടുവിലാണ് കാജാ ഹുസൈനെ പിടികൂടിയത്.

കേരളത്തിൽ ആറു കേസ്സുകളാണ് കാജാ ഹുസൈനെതിരെ ഉള്ളത്. ആലത്തൂർ സിഐ എലിസബത്ത്, എസ് ഐ അനീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സുനിൽ കുമാർ, കൃഷ്ണദാസ്, സൂരജ്, രാമസ്വാമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.