ചെന്നൈ: ഭര്‍ത്താവിന്റെ നാലാം വിവാഹം മൂന്നാം ഭാര്യ മുടക്കി. കാര്‍ ഡ്രൈവറായ നന്തകുമാറിന്റെ വിവാഹമാണ് ഭാര്യ മുടക്കിയത്. സംഭവത്തെ തുടര്‍ന്ന് സ്വദേശിയായ നന്തകുമാര്‍(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ഭാര്യ ഉഷയുടെ പരാതിയിലാണ് അറസ്റ്റ്. താനിക്കച്ചാലം നഗറിലെ വീട്ടില്‍ നിന്നും ഇയാളെ പുഴല്‍ ജയിലിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഞായറാഴ്ച്ച പേരാംബൂരിലെ സിരാവുള്ളൂര്‍ ക്ഷേത്രത്തില്‍ വച്ച് വിധവയായ വിജയലക്ഷ്മിയെ വിവാഹം ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ദിവസങ്ങളായിട്ടും നന്തകുമാര്‍ വീട്ടില്‍ വരാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ മൂന്നാം ഭാര്യ ഉഷ സുഹൃത്തുക്കള്‍ വഴി ഇയാളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് നാലാം വിവാഹത്തിനുള്ള തയാറെടുപ്പിലാണെന്ന് ഉഷയ്ക്ക് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മുന്ന് വിവാഹം കഴിച്ചതായി തെളിഞ്ഞു. കാര്‍ ഡ്രൈവറായ ഇയാള്‍ ചിത്ര എന്ന യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ കുഞ്ഞ് പിറന്നതിന് ശേഷം ഇയാള്‍ വീട്ടിലേക്ക് പോയിരുന്നില്ല.
പിന്നീട് ഇയാള്‍ നൊച്ചിക്കുപ്പം സ്വദേശിയായ ബാനുവുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇതിന് ശേഷം ഉഷയുമായി അടുത്തു. എന്നാല്‍ നേരത്തെ താന്‍ രണ്ട് വിവാഹ ചെയ്ത കാര്യം മനപൂര്‍വ്വം മറച്ചു വച്ചുകൊണ്ടാണ് ഉഷയെ വിവാഹം ചെയ്തത്.
