ഭോപ്പാല്‍: മൂന്നാം ലോകമഹായുദ്ധത്തിന്‍റെ തുടക്കം ഒരു പശുവിനെ ചൊല്ലിയായിരിക്കുമെന്ന് പ്രവചനം. മധ്യപ്രദേശ് ഗോപാലന്‍ ഏവം പശുധാന്‍ സംവര്‍ദ്ധന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ആയ മഹാമണ്ഡലേശ്വര്‍ സ്വാമി അഖിലേശ്വരാനന്ദ് ഗിരിയാണ് ഈ പ്രവചനം നടത്തിയത്. ഒരു സന്യാസിയാണ് ഇദ്ദേഹം. 

മധ്യപ്രദേശില്‍ പശുക്കളുടെ സംരക്ഷണത്തിന് രൂപീകരിച്ച ജാഗ്രത സമിതിയാണ് ഗോപാലന്‍ ഏവം പശുധാന്‍ സംവര്‍ദ്ധന്‍ ബോര്‍ഡ്. ഇതിന്റെ തലപ്പത്ത് സര്‍ക്കാര്‍ നിയമിച്ച വ്യക്തിയാണ് ഇദ്ദേഹം. പലപ്പോഴും കലഹങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം പശുവായിരുന്നു. പുരാണങ്ങളിലും ഇത് പറയുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ കാരണവും ഒരു പശുവായിരുന്നു. മുറിവേറ്റതോ ചത്തതോ ആശ പശുക്കളെ വാഹനങ്ങള്‍ കൊണ്ടുപോകുന്നത് കാണുമ്പോ ഗോ രക്ഷകര്‍ക്ക് വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സ്വാമി പറയുന്നു

അവര്‍ ഒരിക്കലും നിയമം കയ്യിലെടുക്കാന്‍ പാടില്ല. പശുക്കളെ കടത്തുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പോലീസ് എത്തുന്നത് വരെ കാത്തിരിക്കുകയാണ് വേണ്ടത്. എല്ലാ സംസ്ഥാനങ്ങളും ഗോവധം നിരോധിച്ചുകൊണ്ടുളള കര്‍ശന നിയമം പാസാക്കിയാല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി കടന്നുള്ള പശുവിന്റെ കള്ളക്കടത്ത് അസാധ്യമാകുമെന്നും സ്വാമി അഖിലേശ്വരാനന്ദ് ഗിരി പറയുന്നു. 

നാടന്‍ പശുക്കള്‍ക്ക് ദൈവത്വമുണ്ടെന്ന് പറയുന്ന സ്വാമി ഇവയുടെ പാലിനും മൂത്രത്തിനും ചാണകത്തിനും ഔഷധഗുണമുണ്ടെന്നും അവയ്ക്ക് കാന്‍സര്‍, അപസ്മാരം പോലെയുള്ള രോഗങ്ങള്‍ പോലും ശമിപ്പിക്കാന്‍ കഴിവുണ്ടെന്നും സ്വാമി സാക്ഷ്യപ്പെടുത്തുന്നു. പശുവിന്‍റെ സംരക്ഷണത്തിനായി പ്രത്യേക ഗോ മന്ത്രാലയം രൂപീകരിക്കണമെന്നും സ്വാമി ആവശ്യപ്പെടുന്നു.