സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി ശേഷമായിരുന്നു ചങ്ങനാശ്ശേരി മുതല്‍ തിരുവല്ല വരെയുള്ള പുതിയ പാതയുടെ കമ്മീനിംഗ്. 11 കിലോമീറ്റര്‍ 13 മിനിറ്റ് കൊണ്ട് ശബരി എക്‌സ്‌പ്രസ് ഓടിയെത്തി. ഇരട്ടപ്പാത തുറന്നതിനൊപ്പം ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെ നാല് പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തന സജ്ജമായി. ഇതോടെ ക്രോസിംഗിനായി ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യം ഒഴിവാകും. പക്ഷേ ഭൂമിയേറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കുറുപ്പന്തറ വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ സാധ്യമായാലേ എറണാകുളം വരെയുള്ള യാത്രാ ദുരിതത്തിന് പൂര്‍ണ്ണ പരിഹാരമാകൂ. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ പാതയുടെ പണിയാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നതെന്ന്, റെയില്‍വേ അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ കെ.എസ് ജയിന്‍‍ പറഞ്ഞു.