തിരുവനന്തപുരം:തിരുവല്ലം പാറവിളയില്‍ അമിതവേഗത്തില്‍ വന്ന കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. അമിത വേഗത്തില്‍ വന്ന കാര്‍ റോഡ് വശത്ത് നിറുത്തിയിരുന്ന ബൈക്കില്‍ ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കോണ്ക്രീറ്റ് ബസ് സ്റ്റോപ്പ് പൂര്‍ണമായും തകര്‍ന്നു വീണു. ഇതിനടയില്‍പ്പെട്ടാണ് ബസ് സ്റ്റോപ്പില്‍ ഇരുന്ന പാറവിള സ്വദേശി ദേവേന്ദ്രന്‍ (40) മരിച്ചത്. ബസ് സ്റ്റോപ്പ് തകര്‍ത്ത കാര്‍ 50 മീറ്റര്‍ മുന്നിലേക്ക് മാറിയാണ് നിന്നത്. സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഓടിയെത്തി വളരെ കഷ്ടപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഫയര്‍ ഫോഴ്സ് എത്തി ദേവേന്ദ്രനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. 


പാറവിള സ്വദേശികളായ മധു (51), ധര്‍മ്മരാജ് (50), പ്രസാദ് (34), പ്രദീപ് (30) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറില്‍ ഒരു സ്ത്രീയും കുട്ടിയും അടക്കം ആളുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്നയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് പലപ്പോഴും പാച്ചല്ലൂര്‍ പാറവിള റോഡില്‍ സ്‌കൂള്‍ സമയങ്ങളില്‍ അമിത വേഗത്തില്‍ പോകുന്നതിന് ഈ കാറിന്റെ ഉടമയ്ക്ക് നാട്ടുകാര്‍ താക്കീത് നല്‍കിയിരുന്നു.