തിരുവനന്തപുരം: ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ബിജെപി ജില്ല അദ്ധ്യക്ഷന്‍റെ കൊലവിളി പ്രസംഗം. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കൊലവിളി നടത്തിയത്.
ആര്‍എസ്എസിന്റെ ഒരു ജില്ലാ നേതാവിനെ ആക്രമിച്ച ശേഷവും കഴിഞ്ഞ ഇരുപത് ദിവസമായി ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഔദാര്യം കൊണ്ടാണെന്ന് സുരേഷ് പറഞ്ഞു. ആ ഔദാര്യം ആര്‍എസ്എസ് എന്ന് അവസാനിപ്പിക്കുന്നോ അന്ന് നിങ്ങള്‍ പിടിച്ചാല്‍കിട്ടാത്ത വിധത്തില്‍ തങ്ങളുടെ നേതാക്കളേയും പ്രവര്‍ത്തകരേയും തൊട്ട കരങ്ങളും തലയും തേടി മുന്നേറ്റമുണ്ടാകും.
അതിനെ തടയാന്‍ ഡിവൈഎസ്പി എത്ര പൊലീസുകാരെ നിരത്തിയാലും കാര്യമുണ്ടാകില്ലെന്നും സുരേഷ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പാണ് ആര്‍എസ്എസ് നേതാവ് വിനോദിന് നേരെ ആനാവൂരില്‍ ആക്രമണം നടന്നത്. സംഭവം നടന്ന് ഇരുപത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പൊലീസ് കാര്യമായ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി ആരോപിക്കുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് സുരേഷ് കുമാര്‍ കൊലവിളി പ്രസംഗം നടത്തിയത്.
