തിരുവനന്തപുരം: ആയിരങ്ങള്‍ പൊങ്കാലിയിട്ടു മടങ്ങിയ നഗരം ഒറ്റമണിക്കൂര്‍ കൊണ്ട് വൃത്തിയാക്കി മാജിക് കാണിക്കാറുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടുത്ത വര്‍ഷം മൊറ്റൊരു ദൗത്യം കൂടി ഏറ്റെടുക്കുകയാണ്. പൊങ്കാല അടുപ്പിനായി എത്തിക്കാറുള്ള ഇഷ്‌ടികകള്‍ ശേഖരിച്ച് പാവങ്ങള്‍ക്ക് വീടുവെച്ച് നല്‍കുക എന്ന പുതിയ പദ്ധതി.

നിവേദ്യം കഴിഞ്ഞ് ഭക്തര്‍ മടങ്ങിയാല്‍ കോര്‍പ്പേറേഷന്‍ ശുചീകരണത്തൊഴിലാളികള്‍ നിമിഷ നേരം കൊണ്ടാണ് മാലിന്യം നീക്കാറുളളത്. എന്നാല്‍ പൊങ്കാല അടുപ്പിന്റെ ഇഷ്‌ടികകള്‍ മാറ്റാറില്ല. ഇവ റോഡരികിലേക്ക് മാറ്റിവെക്കും. നേരം വെളുക്കുമ്പോഴേക്കും ഈ ഇഷ്‌ടിക അപ്രത്യക്ഷമാകും. ഇത് എവിടേക്ക് പോയെന്ന് ആരും അന്വേഷിക്കാറില്ല. എന്നാല്‍ അടുത്ത പൊങ്കാല കഴിഞ്ഞാല്‍ ഇഷ്‌ടിക നഗരസഭ ശേഖരിക്കും. പാവങ്ങള്‍ക്ക് വീട് വെക്കാന്‍.

90 രൂപ വരെ നല്‍കിയാണ് ഭക്തര്‍ മൂന്ന് ഇഷ്‌ടിക പൊങ്കാല അടുപ്പിനായി വാങ്ങുന്നത്. നിവേദ്യം കഴിഞ്ഞാല്‍ ഇത് ഉപേക്ഷിക്കും. സന്നദ്ധ സംഘടനകള്‍ തിരിച്ചെടുക്കുന്ന ഇഷ്‌ടിക ഒഴിച്ചാലും മൂന്ന് ലക്ഷം ഇഷ്‌ടികയെങ്കിലും ഇത്തരത്തില്‍ ഉപേക്ഷിക്കാറുണ്ടെന്നാണ് കണക്കുകള്‍. അവ ശേഖരിച്ച് പാവങ്ങള്‍ക്ക് വീടിനായി വിതരണം ചെയ്യാനാണ് പദ്ധി. ചുരുക്കത്തില്‍ പൊങ്കാലയിടാന്‍ ആളുകൂടിയാല്‍ കൂടുതല്‍ പാവങ്ങള്‍ക്ക് വീട് ഉയരുമെന്ന് ചുരുക്കം.