ദില്ലി: തിരുവനന്തപുരം-കന്യാകുമാരി റെയില്‍ പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരിക്കാനുമുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 86 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരിക്കാനും 1431 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പൂര്‍ത്തിയാക്കുമ്പോള്‍ അഞ്ചു ശതമാനം കൂടി നിര്‍മ്മാണ ചെലവ് കൂടിയേക്കുമെന്നും മന്ത്രിസഭാ കുറിപ്പില്‍ വ്യക്തമാക്കുന്നു.
നാലു വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തിയാക്കും. വിഴിഞ്ഞം തുറമുഖ പദ്ധതി വരുമ്പോള്‍ അവിടേക്കുള്ള ചരക്കു നീക്കത്തില്‍ 30 ശതമാനം റെയില്‍മാര്‍ഗ്ഗമാകുമെന്നാണ് വിലയിരുത്തല്‍. ഇത് മുന്നില്‍ കണ്ടാണ് തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരിക്കാനും തീരുമാനിച്ചത്.
തൂത്തുക്കുടി തുറമുഖപദ്ധതിക്കായുള്ള റെയില്‍ പാതയ്‌ക്കും മന്ത്രിസഭ അംഗീകാരം നല്കി. മധുര തൂത്തുക്കുടി റെയില്‍ പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരിക്കാനുമുള്ള പദ്ധതിക്കാണ് അംഗീകാരം കിട്ടിയത്
