കൊച്ചി: കൊച്ചിയിൽ മെട്രോ ഓടുമ്പോള്‍ തിരുവനന്തപുരം ലൈറ്റ് മെട്രോ ഇപ്പോഴും കടലാസിൽ തന്നെ. കേന്ദ്രാനുമതി വൈകുന്നതും സ്ഥലമേറ്റെടുക്കലിലെ മെല്ലെപ്പോക്കുമെല്ലാം പദ്ധതിക്ക് തിരിച്ചടിയാണ്. മൂന്ന് വർഷം മുന്പായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം
ആദ്യം മോണോ റെയിൽ 2014 മുതൽ ലൈറ്റ് മെട്രോ. പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം നീണ്ട ചർച്ചകളല്ലാതെ മറ്റൊന്നും കാര്യമായി നടന്നില്ല. 19 സ്റ്റേഷനുകള്‍ക്കും 4 മേല്‍പ്പാലങ്ങള്‍ക്കുമുള്ള സ്ഥലമേറ്റെടുക്കാന്‍ വിജ്ഞാപനമിറങ്ങിയെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. 

ആകെ ഏറ്റെടുത്തത് ഫ്ലൈ ഓവറിനുള്ള സ്ഥലം മാത്രം. ബാക്കി ഇപ്പോഴും അനിശ്ചിതത്വത്തിൽ . കൊച്ചി മെട്രോ പോലെ കേന്ദ്രാനുമതിക്ക് മുമ്പ് പണിതുടങ്ങാനുള്ള ഇച്ഛാശക്തി സംസ്ഥാന സർക്കാറും കാണിച്ചില്ല. സർക്കാർ സ്വരം കടുപ്പിച്ചില്ലെങ്കിൽ പദ്ധതിച്ചെലവ് കൂടുമെന്ന കാര്യം കഴിഞ്ഞദിവസം ഇ.ശ്രീധരൻ തന്നെ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു.

തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിന്നും തുടങ്ങി ദേശീയപാത വഴി കഴക്കൂട്ടം ജംഗ്ഷന്‍ വരെയും. അവിടെ നിന്ന് പഴയ ദേശീയപാതയിലൂടെ കാര്യവട്ടം - ശ്രീകാര്യം - ഉള്ളൂര്‍ - കേശവദാസപുരം - സെക്രട്ടേറിയറ്റ് - തമ്പാനൂര്‍ വഴി കരമന വരെ 21.8 കി.മീ. ദൂരം 19 സ്റ്റേഷനുകളും ഉള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 4219 കോടി രൂപയാണ്. കൊച്ചിക്ക് ശേഷം തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയാണ് ലക്ഷ്യമെന്ന ഇ.ശ്രീധരന്‍റെ പ്രഖ്യാപനത്തിലാണ് തലസ്ഥാനവാസികളുടെ ഇനിയുള്ള പ്രതീക്ഷ.