തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘം. മുരുകനെ ചികിത്സയ്‌ക്കെത്തിച്ച ദിവസം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധ നല്‍കിയില്ല. മെഡിക്കല്‍ കോളേജ് അധികൃതര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെ മുരുകനെ മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ 54 വെന്റിലേറ്റര്‍ ഉണ്ടായിരുന്നു. പകുതിയിലധികം വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഇവിടത്തെ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്.

ഇത് വിശ്വസനീയമല്ലെന്ന് പൊലീസ് പറയുന്നു. ഈ ദിവസം ന്യൂറോ വിഭാഗം ഡോക്ടര്‍ ഉണ്ടായിട്ടും പിജി വിദ്യാര്‍ത്ഥിയായ പാട്രിക്കിനെയാണ് മുരുകനെ നോക്കാന്‍ ഏല്‍പ്പിച്ചത്. വെന്റിലേറ്റര്‍ സൗകര്യം ഉണ്ടായിട്ടും അതിന്റെ സാധ്യത പരിശോധിക്കാതെ രോഗിയെ തിരിച്ചയച്ചത് ഗുരുതര കൃത്യവിലോമാണ്. ചില സാങ്കേത കാര്യങ്ങള്‍ പറഞ്ഞ് അന്വേഷണത്തോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര് സഹകരിക്കുന്നില്ലെന്നും പൊലീസ കുറ്റപ്പെടുത്തുന്നു.

സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞാണ് പൊലീസ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ഈ റിപ്പോര്‍ട്ട് നാളെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിലും സമര്‍പ്പിക്കും. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തിയ സാഹചര്യവും പൊലീസ് നാളെ ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.