പ്രളയം രൂക്ഷമായ നെയ്യാറ്റിൻകരയിൽ രാവിലെ മുതൽ വെള്ളം ഇറങ്ങിത്തുടങ്ങി
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമ്പോൾ തലസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 12 അടിവരെ തുറന്നത് 4 അടിയാക്കി താഴ്ത്തി.
ഇന്നലെ അർദ്ധരാത്രിയോടെയാണ് ജില്ലയിൽ മഴക്ക് ശമനമായത്. പ്രളയം രൂക്ഷമായ നെയ്യാറ്റിൻകരയിൽ രാവിലെ മുതൽ വെള്ളം ഇറങ്ങിത്തുടങ്ങി. തിരുവനന്തപുരം നഗരത്തിലെ ജഗതി, ഗൗരീശപട്ടം എന്നിസ്ഥലങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. തലസ്ഥാനത്തെ വിവിധ ഡാമുകളിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.
ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവരെ വലയ്ക്കുന്നത് വീടുകളിൽ നിറഞ്ഞിരിക്കുന്ന വെള്ളവും ചെളിയുമാണ്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളിലധികവും ഉപയോഗശൂന്യമായി. പല വീടുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുന്നു.
പകർച്ചവ്യാധികൾ പടരാതിരിക്കാൻ വേണ്ട മുൻ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്ളീച്ചിങ്ങ് പൗഡർ ഉൾപ്പെടെയുള്ളവ കോർപ്പറേഷൻ വീടുകളിലേക്ക് എത്തിക്കുന്നുണ്ട്.
