യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ പ്രയോഗിച്ച ഗ്രനേഡാണ് ഇതെന്നും തന്‍റെ വാദത്തെ സാധൂകരിക്കാനായാണ് ഇതു കൊണ്ടു വന്നതെന്നും തിരുവഞ്ചൂര്‍ വിശദീകരിച്ചു.

തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രനേഡുമായി വന്നതിനെ തുടര്‍ന്ന് സഭയില്‍ ബഹളം. അഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് തിരുവഞ്ചൂര്‍ ഗ്രനേഡുമായി എത്തിയത്. 

ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂര്‍ പോലീസ് സമരക്കാര്‍ക്കെതിരെ പ്രയോഗിക്കുന്ന ഗ്രനേഡ് കാലാവധി കഴിഞ്ഞതാണെന്നും ഇത് തെറ്റാണെന്നും പറഞ്ഞു. ഈ സമയം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിരന്തരം സമരക്കാര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചിട്ടുണ്ടെന്ന് ഭരണപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു. 

ഈ ബഹളത്തിനിടെയാണ് ഗ്രനേഡ് താന്‍ കാണിക്കാം എന്നു പറഞ്ഞ് തിരുവഞ്ചൂര്‍ ഗ്രനേ‍ഡ് പൊക്കി കാണിച്ചത്. ഇതോടെ ഭരണപക്ഷ എംഎല്‍എമാര്‍ ബഹളം തുടങ്ങി. മാരകായുധങ്ങളുമായി ഒരു എംഎല്‍എ നിയമസഭയുടെ ഉള്ളില്‍ എത്തിയെന്ന് എസ്.ശര്‍മ എംഎല്‍എ ചോദിച്ചു. ഇത് ചട്ടപ്രകാരമാണോയെന്ന് സ്പീക്കര്‍ പരിശോധിക്കണമെന്ന് ശര്‍മ ആവശ്യപ്പെട്ടു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ പ്രയോഗിച്ച ഗ്രനേഡാണ് ഇതെന്നും തന്‍റെ വാദത്തെ സാധൂകരിക്കാനായാണ് ഇതു കൊണ്ടു വന്നതെന്നും തിരുവഞ്ചൂര്‍ വിശദീകരിച്ചു.

ഈ ഘട്ടത്തില്‍ ചര്‍ച്ചയില്‍ ഇടപെട്ട മുഖ്യമന്ത്രി യഥാര്‍ത്ഥ ഗ്രനേഡാണ് തിരുവഞ്ചൂര്‍ കൊണ്ടു വന്നതെങ്കില്‍ അത് ഗൗരവകരമായ പ്രശ്നമാണെന്നും തിരുവഞ്ചൂര്‍ ഗ്രനേഡ് സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നും തിരുവഞ്ചൂരിന്‍റെ നടപടി സ്പീക്കര്‍ പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന് തിരുവഞ്ചൂര്‍ ഗ്രനേഡ് സഭയുടെ മേശപ്പുറത്ത് വച്ചെങ്കിലും ഇതേ ചൊല്ലിയുള്ള ഭരണപക്ഷത്തിന്‍റെ ബഹളം തുടര്‍ന്നു.