ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ദളിത് യുവാവിന് മര്‍ദ്ദനം. കഴിഞ്ഞ ആഴ്‌ച മകളുടെ വിവാഹത്തിന് ബാന്‍ഡ് പാര്‍ട്ടി നടത്തിയതിന്, ദളിതനായ ഗൃഹനാഥനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. സ്വന്തം വിവാഹത്തിന് വേണ്ടി വാഹനം അലങ്കരിച്ചതിന് പ്രകാശ് ബന്‍സാള്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയിലെ അഗര്‍ മാള്‍വാ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് കാര്‍ അലങ്കരിച്ചതിന് നാലംഗ സംഘം എത്തി പ്രകാശിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദ് സിങ്, അഖണ്ഡ് സിങ്, പൃഥ്‌വി സിങ്, പിന്തു വിശ്വകര്‍മ്മ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ പൃഥ്വി സിങിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രകാശിനെ മാത്രമല്ല, വിവാഹത്തിന് എത്തിയ മറ്റ് ആറുപേരെയും സംഘം മര്‍ദ്ദിച്ചതായി പരാതിയിലുണ്ട്. വിവാഹത്തിന് ഫോട്ടോ എടുക്കാനെത്തിയ ഫോട്ടോഗ്രാഫറെയും സംഘം മര്‍ദ്ദിച്ചു. പ്രതികളെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.