പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയ നടപടിയെ സവാഗതം ചെയ്ത് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്ഥാന്റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് മറുപടി നല്‍കാനുള്ള ഉചിതമായ സമയം ഇതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. നമ്മുടെ സൈനികര്‍ക്ക് നേരെ പാക് സൈന്യവും തീവ്രവാദികളും ചെയ്യുന്ന മനുഷ്യത്വമില്ലായ്മക്ക് അതേ അളവില്‍ മറുപടി നല്‍കണമെന്നും അവര്‍ ആ വേദന അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു.  


ദില്ലി: പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയ നടപടിയെ സവാഗതം ചെയ്ത് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്ഥാന്റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് മറുപടി നല്‍കാനുള്ള ഉചിതമായ സമയം ഇതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. നമ്മുടെ സൈനികര്‍ക്ക് നേരെ പാക് സൈന്യവും തീവ്രവാദികളും ചെയ്യുന്ന മനുഷ്യത്വമില്ലായ്മക്ക് അതേ അളവില്‍ മറുപടി നല്‍കണമെന്നും അവര്‍ ആ വേദന അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അവര്‍ പെരുമാറുന്ന അതേ രീതിയില്‍ തിരിച്ചടി നല്‍കണമെന്നല്ല പറയുന്നത് എന്നാലും നമ്മുടെ സൈനികര്‍ അനുഭവിക്കുന്ന വേദന അവര്‍ അറിയണമെന്നും ബിപിന്‍ റാവത്ത് പറയുന്നു. സൈനികര്‍ക്ക് നേരയുള്ള കിരാതമായ നടപടികള്‍ അവസാനിക്കാന്‍ അത്തരം ശക്തമായ നടപടികള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളും തീവ്രവാദവും ഒന്നിച്ച് പോവില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. 

പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ മോദിയെ പേരെടുത്ത് പറയാതെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരിഹസിച്ചിരുന്നു. കാര്യങ്ങളെ വിശാലമായി കാണാനാവാത്ത ചെറിയ മനുഷ്യര്‍ വലിയ പദവികളിലിരിക്കുന്നത് ജീവിതത്തിലുട നീളം താൻ കണ്ടിട്ടുണ്ടെന്നാണ് പരിഹാസം. സമാധാന ചര്‍ച്ച വീണ്ടും തുടങ്ങണമെന്ന ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചത് ധിക്കാരത്തോടെയും നിഷേധാത്മകവുമായെന്ന് പാക് പ്രധാമന്ത്രി പ്രതികരിച്ചു. ഇന്ത്യയുടെ നിലപാട് നിരാശപ്പെടുത്തിയെന്നായിരുന്നു ഇമ്രാന്‍റെ ട്വീറ്റ്.

പ്രധാമന്ത്രിയായി മാസങ്ങള്ക്കുള്ളിൽ ഇമ്രാന്‍റെ തനി നിറം പുറത്തായെന്ന് വിദേശകാര്യമന്ത്രാലയം തുറന്നടിച്ചിരുന്നു. ഭീകരവാദം ചര്‍‍ച്ച ചെയ്യാമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് വിദേശ കാര്യമന്ത്രിമാര്‍ തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചത്. എന്നാൽ തൊട്ടു പിന്നാലെ കശ്മീരിൽ ഭീകരര്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഹിസ്ബുള്‍ കമാൻഡര്‍ ബുര്‍ഹാൻ വാണിയുടെ ചിത്രമുള്ള സ്റ്റാമ്പ് പാകിസ്ഥാൻ പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിച്ചു. ഇതോടെ തീരുമാനമെടുത്ത് 24 മണിക്കൂറിനുള്ളിൽ കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിന്‍മാറി. പിന്‍മാറ്റത്തിന് ഇന്ത്യ കാരണങ്ങളുണ്ടാക്കുന്നുവെന്നാണ് പാക് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറൈഷിയുടെ വിമര്‍ശനം. പാക് പ്രധാനമന്ത്രിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് ഇന്ത്യ സര്‍‍ക്കാര്‍ ചോര്‍ത്തി കൊടുത്തുവെന്നും ഖുറൈഷി കുറ്റപ്പെടുത്തി