Asianet News MalayalamAsianet News Malayalam

ഗുഹയില്‍ കുടുങ്ങിയ ആ കുട്ടി ഫുട്ബോള്‍ താരങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ 'കോച്ച്'

  • ഗുഹയ്ക്കുള്ളിലെ ഓക്സിജന്‍ കുറച്ച് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഏകാപോളിന്റെ ധ്യാന രീതികള്‍ ഉതകുന്നുണ്ട്
this monk turn football coach helped students survive in tailand cave
Author
First Published Jul 8, 2018, 4:19 PM IST

തായ്‍ലന്‍ഡ്:  തായ്‍ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയിരിക്കുന്നവരെ വെളിയില്‍ എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഏറെ ആശങ്കയോടെ നിരീക്ഷിക്കുന്നത്. പതിനാറ് ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ചുവടുകള്‍ നാലു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും കുട്ടികളെയും പരിശീലകനെയും നാലുമണിക്കൂറിനുള്ളില്‍ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

ചെളിയും വെള്ളവും നിറഞ്ഞ് ഇരുളടഞ്ഞ ഗുഹയില്‍ തായ്‍ലന്‍ഡിലെ 12 കുട്ടിഫുട്ബോള്‍ താരങ്ങള്‍ക്ക് ഇത്രയും ദിവസം പിടിച്ച് നില്‍ക്കാന്‍ സഹായകരമായത് കൂടെയുളള പരിശീലകന്റെ സാന്നിധ്യമാണ്. സന്ന്യാസ ജീവിതം നയിച്ചിരുന്ന 25 വയസുകാരനായ ഏകാപോള്‍ ചാന്ദാവോങ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഴുവന്‍ സമയ സന്ന്യാസജീവിതം ഉപേക്ഷിച്ച് ഫുട്ബോള്‍ പരിശീലകനായത്. ജൂണ്‍ 23 ന് കുട്ടികളെ ഡോയ് നാംഗ്നോണ്‍ പര്‍വ്വതത്തിലുള്ള പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള ചുമതല വൈല്‍ഡ് ബോര്‍ എന്ന ഫുട്ബോള്‍ ടീമിന്റെ പ്രധാന പരിശീലകനായ നോപ്പാരത്ത് കാന്‍ത്വോങിനായിരുന്നു. എന്നാല്‍ മറ്റു ചില ആവശ്യങ്ങള്‍ പ്രധാന പരിശീലകന് ഉണ്ടായതിനെ തുടര്‍ന്നാണ് ടീമിന്റെ സഹപരിശീലകനായ ഏകാപോള്‍ കുട്ടികളെയും കൊണ്ട് പോയത്. 

this monk turn football coach helped students survive in tailand cave

പത്തുവയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഏകാപോള്‍ ഒരു ആശ്രമത്തിലാണ് വളര്‍ന്നത്. സന്ന്യാസ ജീവിതം നയിച്ചിരുന്ന ഏകാപോള്‍ പ്രായമായ മുത്തശ്ശിയെ സഹായിക്കാനാണ് മുഴുവന്‍ സമയ സന്ന്യാസ ജീവിതം ഉപേക്ഷിച്ചത്. ഒരു ആശ്രമത്തിലെ സഹായിയായും പുതിയതായി രൂപം കൊണ്ട വൈല്‍ഡ് ബോര്‍ ടീമിന്റെ പരിശീലകനായും നിത്യജീവിതം കഴിച്ച ആളായിരുന്നു ഏകാപോള്‍. ടീമിലെ കുട്ടികളെ ഏകാപോള്‍ തന്നെക്കാളേറെ സ്നേഹിച്ചിരുന്നെന്ന് മുഖ്യപരിശീലകന്‍ വ്യക്തമാക്കുന്നു. 

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ശീലം ഏകാപോളിന് ഇല്ലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിനൊപ്പം പഠനവിഷയങ്ങളിലും സഹായിക്കുന്ന ആളായിരുന്നു ഏകാപോള്‍. ഫുട്ബോള്‍ പരിശീലനത്തില്‍ കാര്‍ക്കശ്യക്കാരനായ ഏകാപോള്‍ ഗുഹയില്‍ കുടുങ്ങിയപ്പോള്‍ സ്വീകരിച്ച രീതികളാണ് പതിനാറാം ദിവസവും പിടിച്ച് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.  വളരെ കുറഞ്ഞ രീതിയില്‍ ഊര്‍ജ്ജം ചെലവിട്ട് കഴിയാനും ഉള്ള ഭക്ഷണവും ജലവും ടീമിലെ എല്ലാര്‍ക്കും പങ്കിട്ട് കഴിയാനും ആശങ്കപ്പെടാതിരിക്കാനും കുട്ടികളെ സഹായിച്ചത് ഏകാപോളിന്റെ സാന്നിധ്യമാണെന്നാണ് റിപ്പോര്‍ട്ട്.

this monk turn football coach helped students survive in tailand cave

ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ കുട്ടിഫുട്ബോള്‍ പരിശീലകര്‍ ഭയപ്പെടാതിരിക്കാനും ആത്മ സംയമനം പുലര്‍ത്താനും സന്ന്യാസി കൂടിയായ ഏകാപോളിന്റെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരും വിശദമാക്കുന്നു. ഗുഹയ്ക്കുള്ളിലെ ഓക്സിജന്‍ കുറച്ച് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഏകാപോളിന്റെ ധ്യാന രീതികള്‍ ഉതകുന്നുണ്ട്. എന്നാല്‍ പതിനാറ് ദിവസം നീണ്ട ഗുഹാ ജീവിതം ഏകാപോളിനെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കുട്ടികള്‍ അപകടത്തിലായതില്‍ ഏകാപോള്‍ ക്ഷമാപണം നടത്തിയിരുന്നു.

എന്നാല്‍ ഏകാപോളിന് ശക്തമായ പിന്തുണയാണ് കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കുന്നത്. അദ്ദേഹം അവര്‍ക്കൊപ്പം ഇല്ലായിരുന്നെങ്കില്‍ തങ്ങളുടെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നാണ രക്ഷിതാക്കള്‍ പ്രതികരിക്കുന്നത്.

Follow Us:
Download App:
  • android
  • ios