Asianet News MalayalamAsianet News Malayalam

ഹജ്ജ്; കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഇത്തവണ കരിപ്പൂരില്‍ നിന്ന്

കരിപ്പൂരിനെ വീണ്ടും ഹജ്ജ് എംബാർക്കേഷൻ പോയിന്‍റാക്കിയെങ്കിലും ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തീർത്ഥാടകരിൽ ഏറിയ പങ്കും യാത്രക്കായി കരിപ്പൂര് തെരഞ്ഞെടുത്തിട്ടും ആദ്യയാത്ര ഇവിടെ നിന്ന് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. 

this session first hajj flight from karipur
Author
Karipur, First Published Feb 7, 2019, 11:29 PM IST

കോഴിക്കോട്: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇത്തവണ കരിപ്പൂരിൽ നിന്ന് പുറപ്പെടും. ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി എയർപോർട്ട് അതോറിറ്റി ഡയറക്ടർ ശ്രീനിവാസ റാവു അറിയിച്ചു. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സർവ്വീസ് ഒരു മാസത്തിനകം ആരംഭിക്കാനാവുമെന്നും എയർപോർട്ട് അതോറിറ്റി ഡയറക്ടർ പറഞ്ഞു.

കരിപ്പൂരിനെ വീണ്ടും ഹജ്ജ് എംബാർക്കേഷൻ പോയിന്‍റാക്കിയെങ്കിലും ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തീർത്ഥാടകരിൽ ഏറിയ പങ്കും യാത്രക്കായി കരിപ്പൂര് തെരഞ്ഞെടുത്തിട്ടും ആദ്യയാത്ര ഇവിടെ നിന്ന് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എയർപോർട്ട് അതോറിറ്റി ഡയറക്ടർ അധികൃതരുമായി ചർച്ച നടത്തിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഡിജിസിഎ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി നടത്തിയ ചർച്ചയിൽ കരിപ്പൂരിന് അനുകൂലമായ തീരുമാനമാണുണ്ടായതെന്ന് എയർപോർട്ട് അതോറിറ്റി ഡയറക്ടർ അറിയിച്ചു.

വലിയ വിമാനങ്ങളുടെ സ‍ർവ്വീസ് ആരംഭിക്കുന്നതിനായുള്ള എല്ലാ പരിശോധനകളും എയർ ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ സർവ്വീസ് തുടങ്ങാനാവുമെന്നാണ് കരുതുന്നതെന്ന് ശ്രീനിവാസ റാവു പറഞ്ഞു. കരിപ്പൂരിൽ നിന്നുള്ള ആഭ്യന്തര സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിക്കും. വിമാനത്താവളത്തിന്‍റെ വികസനത്തിന് ഭൂമി ഏറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളും സഹകരണം വേണമെന്നും ശ്രീനിവാസ റാവു പറഞ്ഞു. കാലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിമാനത്താവള വികസനം സംബന്ധിച്ച ചർച്ചയിലാണ് ശ്രീനിവാസ റാവു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Follow Us:
Download App:
  • android
  • ios