ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിയ എംഎ ബേബിയെ പരിഹസിച്ചവർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. വീട്ടുജോലികളിൽ ലിംഗഭേദമില്ലെന്നും തൊഴിലിന്റെ മഹത്വവും ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ തന്നെയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ഗൃഹസന്ദർശനത്തിനിടെ താൻ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ സാംസ്കാരിക ശൂന്യതയും ഉള്ളിൽ ഉറച്ചുപോയ ഫ്യൂഡൽ മനോഭാവവുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് 'മോശമാണെന്ന്' കരുതുന്നവർക്ക് മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് നൽകുന്ന പാഠപുസ്തകത്തിൽ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. "ടോയ്ലറ്റ് ഞാൻ തന്നെ വൃത്തിയാക്കാം" എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം. അവിടെ നാം കുട്ടികളെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്. അച്ഛൻ മുറ്റമടിച്ചാലും, അമ്മ മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലെന്ന് പാഠ പുസ്തകത്തിൽ പറയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
'ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് 'മോശമാണെന്ന്' കരുതുന്നവർ ഒന്നാം ക്ലാസ്സിലെ ഈ പാഠമൊന്ന് വായിക്കണം..
മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് നൽകുന്ന പാഠപുസ്തകത്തിൽ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. "ടോയ്ലറ്റ് ഞാൻ തന്നെ വൃത്തിയാക്കാം" എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം.
"അച്ഛൻ മുറ്റമടിച്ചാലും, അമ്മ മുറ്റമടിച്ചാലും... ചൂല് പിണങ്ങില്ല"
അതുപോലെ, ആര് കഴുകിയാലും "പ്ലേറ്റ് പിണങ്ങില്ല" എന്ന വലിയ പാഠമാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്.
വീട്ടുജോലികൾക്ക് ലിംഗഭേദമില്ലെന്നും, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് അഭിമാനകരമാണെന്നും നമ്മുടെ കുട്ടികൾ പഠിച്ചു വളരുകയാണ്. തൊഴിലിന്റെ മഹത്വവും തുല്യതയും പാഠപുസ്തകങ്ങളിലൂടെ പകർന്നു നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ മാതൃകയെ നോക്കി കൊഞ്ഞനം കുത്തുന്നവർ, ചുരുങ്ങിയത് ഒന്നാം ക്ലാസ്സിലെ ഈ പാഠമെങ്കിലും ഒന്ന് വായിച്ചുനോക്കുന്നത് നന്നായിരിക്കും.
വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മുൻപിൽ പകച്ചുനിൽക്കാനല്ല, മറിച്ച് ശരിയായ ബോധം പകർന്നു നൽകി മുന്നോട്ട് പോകാനാണ് ഈ നാട് ശീലിച്ചിട്ടുള്ളത്.'- വി ശിവൻകുട്ടി

അതുപോലെ തന്നെ, ആര് കഴുകിയാലും "പ്ലേറ്റ് പിണങ്ങില്ല" എന്ന് പരിഹസിക്കുന്നവർ മനസ്സിലാക്കുന്നത് നന്നായിരിക്കും. വീട്ടുജോലികൾക്ക് ലിംഗഭേദമില്ലെന്നും, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് അഭിമാനകരമാണെന്നും നമ്മുടെ കുട്ടികൾ പഠിച്ചു വളരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൊഴിലിന്റെ മഹത്വവും തുല്യതയും പാഠപുസ്തകങ്ങളിലൂടെ പകർന്നു നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ മാതൃകയെ നോക്കി കൊഞ്ഞനം കുത്തുന്നവർ, ചുരുങ്ങിയത് ഒന്നാം ക്ലാസ്സിലെ ഈ പാഠമെങ്കിലും ഒന്ന് വായിച്ചുനോക്കണം. വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മുൻപിൽ പകച്ചുനിൽക്കാനല്ല, മറിച്ച് ശരിയായ ബോധം പകർന്നു നൽകി മുന്നോട്ട് പോകാനാണ് ഈ നാട് ശീലിച്ചിട്ടുള്ളതെന്നും മന്ത്രി വി ശിവൻ കുട്ടി കൂട്ടിച്ചേർത്തു.


