തൊടുപുഴ: കുംബങ്കല്ലില്‍ ആളില്ലാതിരുന്ന വീട്ടില്‍ കയറി മോഷണം നടത്തിയ കളളനെ പോലീസ് കണ്ടെത്തി. സമാന രീതിയിലുളള മറ്റൊരു കേസില്‍ പിടിയിലായ എറണാകുളം പൂത്തോട്ട സ്വദേശി വിജയകുമാറിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. 

പൂത്തോട്ട കൊട്ടാരപറമ്പില്‍ വിജയകുമാറിനെ എറണാകുളം കോടതിയില്‍ നിന്നാണ് തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ ഇയാള്‍ മോഷണം നടത്തിയ കുംബങ്കല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം 28ന് പുത്തന്‍കുരിശില്‍ ആളില്ലാതിരുന്ന വീട്ടില്‍ മോഷണം നടത്താനുളള ശ്രമത്തിനിടെ നാട്ടുകാരാണ് വിജയകുമാറിനെ പിടികൂടി പോലീസിലേല്‍പിച്ചത്. കുംബങ്കല്ലിലെ വീട്ടില്‍ കണ്ടത്തിയ വിരലടയാളവും വിജയകുമാറിന്‍േറതാണെന്ന് തെളിഞ്ഞതാണ് ഇയാളെ വീണ്ടും കുടുക്കിയത്. 

അഞ്ചു വര്‍ഷത്തിലേറെയായി വിജയകുമാര്‍ കുംബങ്കല്ലിന് സമീപം വാടകക്കു താമസിക്കുകയാണ്. ടൈല്‍ പണിക്കാരനായ ഇയാള്‍ വെളുപ്പിന് മീന് പിടിക്കാനെന്ന പേരില്‍ പോകുമ്പോഴായിരുന്നു ആളില്ലാത്ത വീടുകള്‍ കണ്ടുവക്കുന്നതും മോഷണം നടത്തുന്നതും. കുംബങ്കല്ലില്‍ വീടിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തു കടന്ന ഇയാള്‍ 8 പവനും 15000 രൂപയുമാണ് മോഷ്ടിച്ചത്.

നേരത്തേ രാത്രികാവലിനിടെ പോലീസ് ചോദ്യംചെയ്തു വിട്ടയച്ച ഇയാള്‍ക്ക് തൊടുപുഴയിലെ മറ്റു മോഷണങ്ങളില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.