തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ നടപടി വൈകും. ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഉടൻ നടപടി വേണമെന്ന റവന്യു മന്ത്രിയുടെ അഭിപ്രായം മറികടന്ന് റവന്യു സെക്രട്ടറി കൂടുതൽ പരിശോധന ആവശ്യപ്പെട്ടു. അതിനിടെ റവന്യു മന്ത്രിക്കെതിരെ പരാതിയുമായി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടു.

ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിൽ നടപടി വൈകിക്കാനുള്ള തോമസ് ചാണ്ടിയുടെ തന്ത്രം ഫലിച്ചു മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് ചര്‍ച്ചയായില്ല. ഒടുവിൽ എജിയിൽ നിന്നും നിയമോപദേശം തേടാനാണ് മുഖ്യമന്ത്രി തീരുമാനിച്ചു. ഇതോടെ തോമസ് ചാണ്ടിയുടെ നിയമ ലംഘനത്തിൽ തിരക്കിട്ട ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ഉറപ്പായി. ചാണ്ടിക്കെതിരായ തുടര്‍നടപടിയിൽ റവന്യമന്ത്രിക്കും സെക്രട്ടറിക്കും വ്യത്യസ്തനിലപാടാണുളളത്. കർശന നടപടി വേണമെന്ന് ഇ ചന്ദ്രശേഖരൻ ആവശ്യപ്പെടുമ്പോൾ കൂടുതൽ പരിശോധന വേണമെന്നാണ് റവന്യു വകുപ്പ് സെക്രട്ടറി പിഎച്ച് കുര്യന്റെ നിലപാട്.

ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിൽ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കൂടി സഹായത്തോടെ പരിശോധന വേണം. ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണോ എന്ന് ഉറപ്പിക്കണം . മാത്രമല്ല, കോടതിയിൽ കേസുള്ള സാഹചര്യത്തിൽ കൂടുതൽ നിയമോപദേശം തേടണം. മൂന്നിറിലെന്ന പോലെ റവന്യുമന്ത്രിയും സെക്രട്ടറിയും തമ്മിലെ തർക്കത്തിൽ മുഖ്യമന്ത്രി പരിഗണിച്ചത് സെക്രട്ടറിയുടെ അഭിപ്രായം. ഭിന്നതയെകുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. റവന്യു മന്ത്രിയുടെ നിലപാടിൽ അതൃപ്തി അറിയിച്ച് മന്ത്രി തോമസ് ചാണ്ടിയും മുഖ്യമന്ത്രിയെ കണ്ടു. മന്ത്രിസഭാ യോഗ്തതിന് മുൻപ് പതിനഞ്ച് മിനിറ്റായിരുന്നു കൂടിക്കാഴ്ച.