തിരുവനന്തപുരം: എ കെ ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്‌ഞ.
ഫോൺ വിളി വിവാദത്തിൽ കുരുങ്ങി എ കെ ശശീന്ദ്രൻ രാജിവച്ചതോടെ, പ്രതീക്ഷിച്ചതിലും നേരത്തെ തോമസ് ചാണ്ടിക്ക് മന്ത്രിസഭയിലേക്ക് വഴിയൊരുങ്ങി. മൂന്നു തവണ എംഎൽഎയായ തോമസ് ചാണ്ടി, മന്ത്രിയാകുന്നത് ഇതാദ്യം. ശശീന്ദ്രന് പകരം മന്ത്രി ഉടനുണ്ടാകില്ലെന്ന് ആദ്യഘട്ടത്തിൽ സൂചന ഉണ്ടായിരുന്നെങ്കിലും, എൻസിപി അവകാശമുന്നയിച്ചതോടെ തീരുമാനം മാറി. പാർട്ടി കേന്ദ്രനേതൃത്വത്തിൻറെ പിന്തുണയോടെയാണ്, തോമസ് ചാണ്ടി മന്ത്രിസഭയിൽ എത്തുന്നത്. വൈകുന്നേരം നാലുമണിക്ക്, രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.
മെയ് 25ന് പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മൂന്നാമത്തെ സത്യപ്രതിജ്ഞയാണിത്. ബന്ധു നിയമന വിവാദത്തിൽ ഇ പി ജയരാജൻറെ രാജിയെ തുടർന്ന്, നവംബറിൽ എം എം മണി മന്ത്രിസഭയിലെത്തി. നാലു മാസത്തിനിപ്പുറം, സർക്കാർ ഒന്നാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ. തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ എന്നിവർക്ക് പുറമേ, ആലപ്പുഴയിൽ നിന്ന് നാലാമതൊരു മന്ത്രികൂടി.
