കുവൈത്ത്: എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി. തന്റെ മന്ത്രിസ്ഥാനം വൈകിപ്പിച്ചത് ഉഴവൂര്‍ വിജയനാണെന്ന് തോമസ്ചാണ്ടി കുവൈത്തില്‍ പറഞ്ഞു. എന്‍.സി.പി സംസ്ഥാന ഘടകത്തിലുണ്ടായിരിക്കുന്ന അഭിപ്രായഭിന്നത രൂക്ഷമാക്കുന്നതാണ് മന്ത്രിയുടെ ആരോപണം.

പിണറായി വിജയന്‍ ഇടപെട്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്തിയത്. സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസം നടത്തണമെന്ന് നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും തോമസ് ചാണ്ടി കുവൈത്തില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. അതേസമയം തോമസ് ചാണ്ടിയുടെ ആരോപണങ്ങള്‍ ഉഴവൂര്‍ വിജയന്‍ നിഷേധിച്ചു. 

തോമസ് ചാണ്ടിയോട് ദൈവം ക്ഷമിക്കട്ടെയെന്നും തോമസ് ചാണ്ടിയുടെ വിശ്വാസം രക്ഷിക്കട്ടെയെന്നും ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ ആരോപണം വെറും തമാശയായാണ് താന്‍ കാണുന്നതെന്നും ഉഴവൂര്‍പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി.കാപ്പന്‍ പ്രസിഡണ്ട് തീരുമാനങ്ങള്‍ പാര്‍ട്ടി ഘടകത്തെ അറിയിക്കാതെയാണ് തീരുമാനിക്കുന്നതെന്നും, അതിനാല്‍ പ്രസിഡണ്ടിനെ മാറ്റണമെന്നും ചൂണ്ടിക്കാട്ടി ദേശീയ നേത്യത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. സംസ്ഥാന ട്രഷററും മന്ത്രിയും പ്രസിഡണ്ടിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്നത് പാര്‍ട്ടി അതീവ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.