തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി. മുഖ്യമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തോമസ് ചാണ്ടി ഇക്കാര്യം പറഞ്ഞത്. രാജിസംബന്ധിച്ച് കോടതി ഉത്തരവ് വന്നിട്ട് മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്താല്‍ വിട്ടുനില്‍ക്കുമെന്ന് സിപിഐ മന്ത്രിമാര്‍ സൂചന നല്‍കിയ സാഹചര്യത്തില്‍ നാടകീയനീക്കങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് രാഷ്ട്രീയകേരളം. രാജി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി നടത്തിയ കൂടിക്കാഴ്‌ച 8.40ന് അവസാനിച്ചു.. രാവിലെ എട്ടുമണിക്കുശേഷം തുടങ്ങിയ കൂടിക്കാഴ്‌ച അരമണിക്കൂറിലധികം നീണ്ടുനിന്നു. കൂടിക്കാഴ്‌ച കഴിഞ്ഞു പുറത്തേക്കുവന്ന തോമസ് ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. തോമസ് ചാണ്ടിക്കൊപ്പം എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും ഉണ്ടായിരുന്നു. അതേസമയം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കില്ലെന്നാണ് സൂചന. മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്താല്‍, വിട്ടുനില്‍ക്കുമെന്നാണ് സിപിഐ മന്ത്രിമാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.